കോട്ടയം: ഒരുകോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് കിടപ്പാടത്തിന്റെ ആധാരമുൾപ്പെടെ കൈക്കലാക്കിയ സംഘം 45 ലക്ഷംരൂപ മാത്രം നൽകി കബളിപ്പിച്ചതായി തടിവ്യാപാരിയുടെ പരാതി.
സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട വടക്കൻ പറവൂർ സ്വദേശി വി.എം വിബിനും കൂട്ടാളികളും ചേർന്ന് പറ്റിച്ചെന്നാണ് ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി സി.എൽ ജയകുമാർ ആരോപിക്കുന്നത്. ഒരുകോടി രൂപ നൽകാമെന്ന വ്യവസ്ഥയിൽ സ്ഥലത്തിന്റെ ആധാരം, 5 ചെക്ക് ലീഫ്, 2000 രൂപയുടെ 2 മുദ്രപത്രം, ആധാറിന്റെ കോപ്പി എന്നിവ കൈക്കലാക്കിയശേഷം 45 ലക്ഷം രൂപ നൽകി കബളിപ്പിച്ചെന്നും ബാക്കി പണം ചോദിച്ചപ്പോൾ വാഗമണ്ണിൽ കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിബിനെ കൂടാതെ മുസ്ലീം വേഷധാരിയായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്നാണ് വായ്പ വാഗ്ദാനം ചെയ്തത്. കഴിഞ്ഞമാസം 10ന് ഏറ്റുമാനൂർ ക്ഷേത്രമൈതാനത്തുവച്ച് പരിചയപ്പെട്ട സംഘം അന്നുതന്നെ വീട്ടിലെത്തി സ്ഥലവും ചുറ്റുപാടും മനസിലാക്കിയശേഷം വായ്പ നൽകാമെന്ന് സമ്മതിച്ചു. അടുത്തദിവസം തമിഴ്നാട്ടിലെ കമ്പത്തുവച്ച് തുക നൽകാമെന്നായിരുന്നു വ്യവസ്ഥ. ഒരുകോടിക്ക് മാസം പത്തുലക്ഷംരൂപ പലിശ നിരക്കിലായിരുന്നു ഇടപാട്. കമ്പത്ത് എത്തിയപ്പോൾ മൂന്ന് മാസത്തെ മുൻകൂർ പലിശ ഇനത്തിൽ 30 ലക്ഷം കഴിച്ച് 70 ലക്ഷംരൂപയുണ്ടെന്ന് പറഞ്ഞ് ഒരുപെട്ടി വാഹനത്തിൽ വച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വായ്പാ ഇടപാടിലെ കമ്മീഷനായി 15 ലക്ഷംരൂപ വേണമെന്ന് ആവശ്യപ്പെട്ട് വിബിനും വീട്ടിലെത്തി. ഇതുകൂടി കൊടുത്തുകഴിഞ്ഞപ്പോൾ പെട്ടിയിൽ 45 ലക്ഷം രൂപയേ ബാക്കിയുണ്ടായിരുന്നുള്ളു. പിന്നീട് ഇതേക്കുറിച്ച് വിബിനോട് ഫോൺ വിളിച്ച് സംസാരിച്ചപ്പോൾ അടുത്തദിവസം വാഗമണ്ണിൽ എത്തിയാൽ 10 ലക്ഷം നൽകാമെന്ന് അറിയിച്ചു. അടുത്തദിവസം തന്റെ സാൻട്രോ കാറിൽ വാഗമണ്ണിൽ എത്തിയപ്പോൾ മുസ്ലീം വേഷധാരിയായ സ്ത്രീയും ഇരുപതോളം ആളുകളും ചേർന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും വാഹനത്തിന് കേടു വരുത്തിയെന്നും ഇയാൾ പറയുന്നു. രക്ഷപ്പെട്ട് നാട്ടിൽ എത്തിയെങ്കിലും സംഘത്തിന്റെ ഭീഷണി കാരണം വീട്ടിൽ കയറാനാകുന്നില്ലെന്നാണ് ജയകുമാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.പി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.