lucifer-church

കട്ടപ്പന: ലൂസിഫർ സിനിമയിലെ ക്ളൈമാക്സിൽ കാണിക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ പഴയ ദേവാലയം പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.ഇടുക്കിയുടെ മലനിരകളെയം തേയിലത്തോട്ടങ്ങളെയും സാക്ഷിയാക്കി നിൽക്കുന്ന ദേവാലയം സെറ്റിട്ടതാണെന്ന് കരുതിയെങ്കിൽ തെറ്റി. പൊട്ടിപ്പൊളിഞ്ഞ പള്ളി തന്നെയായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ പള്ളി പഴയ രൂപത്തിൽ കാണാൻ സാധിക്കില്ലെന്ന് മാത്രം. പള്ളി പുതുമോടിയിലാക്കി.അതും സിനിമാക്കാർ നൽകിയ ഉറപ്പ് പാലിച്ച് എന്നൊരു പ്രത്യേകതയുമുണ്ട്.

ഇടുക്കിയുടെ കുടിയേറ്റ മേഖലകളിൽ ഒന്നായ ഉപ്പുതറയ്ക്കടുത്ത് ലോൺട്രി രണ്ടാം ഡിവിഷനിലാണ് ലൂസിഫർ സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ ആ ദേവാലയം സ്ഥിതി ചെയ്യുന്നത്. മോഹൻലാൽ നായകനായ ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറ പ്രവർത്തകർ ഇവിടെയെത്തിയപ്പോൾ തന്നെ ഒരു വാക്ക് പറഞ്ഞു. സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാകുന്ന മുറയ്ക്ക് നവീകരിച്ച ഒരു ദേവാലയം നാട്ടുകാർക്ക് തിരികെ നൽകാമെന്ന്. അങ്ങനെ ആശിർവാദ് സിനിമാസ് കമ്പനി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ദേവാലയത്തെ ഇന്നത്തെ രൂപത്തിലെത്തിച്ചത്.

drakula2

ദേവാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയാൻ തുടങ്ങിയാലോ ഏറെയുണ്ട്. ജെ.എം വിൽക്കി എന്ന സായിപ്പ് ലോൺട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികൾക്ക് ആരാധന നടത്തുന്നതിയാണ് ദേവാലയം സ്ഥാപിച്ചത്. സെന്റ്.ആൻഡ്രൂസ് സി.എസ്.ഐ ചർച്ചെന്നാണ് ദേവാലയം അറിയപ്പെടുന്നതെങ്കിലും മർത്തോമ്മ,ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർക്ക് കൂടി കുർബ്ബാന അർപ്പിക്കാവുന്ന യൂണിയൻ ചർച്ചായിരുന്നു ഇത്. പിന്നീട് ഓരോ സഭകൾക്കും വെവ്വേറെ ദേവാലയങ്ങൾ ആയതോട്കൂടി ആരുമിങ്ങോട്ട് എത്താതായി. അതോടെ പള്ളി കാട്പിടിച്ച് നശിച്ചു. ഒടുവിൽ ഡ്രാക്കുള പള്ളി എന്ന പേരും വീണു.

20l6 ൽ ദേവാലയത്തിൽ പുതിയ വികാരി ചാർജെടുത്തതോടെ വീണ്ടും പ്രാർത്ഥന ആരംഭിച്ചു. ഇതിന് ശേഷമാണ് സിനിമ ഷൂട്ടിങ്ങിനായി അണിയറ പ്രവർത്തകർ പള്ളിക്കമ്മിറ്റി ഭാരവാഹികളെ സമീപിച്ചത്.