കോട്ടയം: കാലഘട്ടത്തിന്റെ ജീർണതകളെ തുറന്നു കാട്ടിയ എഴുത്തുകാരനാണ് പൊൻകുന്നം വർക്കിയെന്ന് നവലോകം ചെയർമാൻ വി.എൻ. വാസവൻ പറഞ്ഞു. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാമ്പാടി പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പൊൻകുന്നം വർക്കി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തിലെ കലാപകാരിയായിരുന്നു പൊൻകുന്നം വർക്കിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കഥാകൃത്ത് ജി.ആർ ഇന്ദുഗോപൻ പറഞ്ഞു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണ സമിതി അംഗം പൊൻകുന്നം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.കെ. കരുണാകരൻ, സെക്രട്ടറി കെ.ആർ. ചന്ദ്രമോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം മാത്യു, പാമ്പാടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെന്നഡി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
പൊൻകുന്നം വർക്കിയെക്കുറിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിനേവേണ്ടി എം.പി.സുകുമാരൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനവും ഇതോടനുബന്ധിച്ചു നടന്നു.