കോട്ടയം: പീരുമേട് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്‌കുമാറിന്റെ ഓഫീസിലെ ജീവനക്കാരെ ക്രൈംബ്രാഞ്ച് കോട്ടയത്തെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്‌തു. തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന ശാലിനി, മഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്‌തത്. ഇന്നലെ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇവർ നൽകിയ മൊഴികൾ പൊലീസിനെ കുടുക്കാൻ പര്യാപ്‌തമാണെന്നാണ് വിവരം.
ഇന്നലെ രാവിലെ കോട്ടയം വനിതാ ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 'വക്കീൽ സർ സഹായത്തിനുണ്ടാകു"മെന്ന് രാജ്കുമാർ പറഞ്ഞിരുന്നതായി മഞ്ജു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. പിടിച്ചെടുത്ത പണം പൊലീസ് എന്തു ചെയ്‌തു എന്നത് സംബന്ധിച്ച് സംശയമുണ്ട്. പണം എവിടെയാണെന്ന് അറിയില്ലെന്നും ഇരുവരും വ്യക്തമാക്കി.
300 സ്വാശ്രയ സംഘങ്ങളിൽ നിന്ന് ദിവസവും പണം പിരിച്ചെടുത്ത് ഇവർ സ്ഥാപനത്തിൽ നൽകിയിരുന്നു. ഈ പണം ആർക്ക് കൈമാറി, നിക്ഷേപിച്ചിരുന്നത് എങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിക്കുന്നത്. രാജ്‌കുമാറിന്റെ അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തില്ല
മർദ്ദമേറ്റ് മരിച്ച രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പരിക്കു ഗുരുതരമായിരുന്നിട്ടും ഒ.പിയിൽ പരിശോധിച്ച ശേഷം തിരികെ അയയ്ക്കുകയായിരുന്നു. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.