പാലാ : പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ആധുനിക രീതിയിൽ നിർമ്മിച്ച പാലാ ടൗൺ പാരലൽ റോഡ് തകർച്ചയുടെ വക്കിൽ.
2014-15 കാലഘട്ടത്തിലാണ് റോഡിന്റെ ഒന്നാംഘട്ടമായ വൈക്കം റോഡ് മുതൽ സിവിൽ സ്‌റ്റേഷൻ വരെയുള്ള ഭാഗം പൂർത്തീകരിക്കുന്നത്. പുത്തൻപള്ളിക്കുന്ന് റോഡിന്റെ വശങ്ങളിലൂടെയായിരുന്നു ജലഅതോറിട്ടി പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. 16 മീറ്ററോളം വീതിയുള്ള പാരലൽ റോഡ് പൂർത്തിയായതോടെ പൈപ്പുകൾ ഭൂരിഭാഗവും റോഡിന്റെ മദ്ധ്യഭാഗത്തായി. ഇവ മാറ്റിസ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടിയോളം രൂപ ജലഅതോറിട്ടിയിൽ കെട്ടിവച്ച ശേഷം പാരലൽ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കാൻ അനുമതി നൽകി.
പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്നതിന് ഡച്ചുകൾ (അറകൾ) പൂർത്തീകരിച്ചിട്ടും ജല അതോറിട്ടിയുടെ നിർമ്മാണങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ്. തുരുമ്പെടുത്ത ഇരുമ്പ് പൈപ്പുകളും 25 വർഷത്തോളം പഴക്കമുള്ള ആസ്ബക്ടോസ് പൈപ്പുകളുമാണ് റോഡിന്റെ അടിയിലൂടെ കടന്നുപോകുന്നത്. കുടിവെള്ളം വിതരണവും ഇതിലൂടെയാണ് നടക്കുന്നത്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നതിനാലും പഴകിയ പൈപ്പുകളിലൂടെ ഉയർന്ന സമ്മർദ്ദത്തിൽ വെള്ളം തുറന്നുവിടുന്നതിനാലും പൈപ്പുകൾ തുടർച്ചയായി പൊട്ടുകയാണ്. റോഡിൽ ഇതിനകം 50 ഓളം കുഴികൾ രൂപപ്പെട്ടു.
പൈപ്പ് സ്ഥാപിച്ചു, കണക്ഷൻ നൽകിയില്ല
ഒരുമാസം മുമ്പ് റോഡിന്റെ ഡച്ചുകളിൽ കുറച്ചുഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കണക്ഷനുകൾ നൽകിയില്ല. സിവിൽ സ്‌റ്റേഷൻ ഭാഗത്തുള്ള 100 മീറ്ററും വൈക്കം റോഡ് ആർ.വി. ജംഗ്ഷനിലുള്ള 100 മീറ്റർ ഭാഗത്തും കേസ് നിലനിൽക്കുന്നതിനാൽ റോഡ് പണിയും ഡച്ച് നിർമ്മാണവും പൂർത്തിയായിട്ടില്ല. ഈ കാരണം പറഞ്ഞാണ് ജലവകുപ്പ് അധികൃതർ പണി നിറുത്തിവെച്ചിരിക്കുന്നത്.
റോഡ് ഒന്നാംഘട്ടം പൂർത്തായത് : 2014-15