തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാർഷിക ദിനമായ ജൂലൈ 5ന് അദ്ദേഹത്തിന്റെ ജന്മനാടായ തലയോലപ്പറമ്പിൽ കേരള സാഹിത്യ അക്കാദമിയുടെയും വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെയും വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും സാഹിത്യോത്സവവും സംഘടിപ്പിക്കും. ബഷീറിന്റെ സർഗ്ഗ ചൈതന്യം കാലോചിതമായി അനാവരണം ചെയ്ത് കൊണ്ട് നടക്കുന്ന സാഹിത്യോത്സവം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനൻ ബഷീർ സ്മാരക പ്രഭാഷണം നടത്തും.ട്രസ്റ്റ് ചെയർമാൻ അഡ്വ.പി കെ ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.കോഴിക്കോട് സർവ്വകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. സ്റ്റാലിൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ.സി. എം കുസുമൻ പറഞ്ഞു.