വൈക്കം: ബസിൽ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി. ധീവരസഭ പ്രവർത്തകർ ഡോക്ടറുടെ സ്വകാര്യ പരിശോധനാ സ്ഥലത്ത് പ്രതിഷേധിച്ചു. ടിവിപുരം കിഴക്കേവെള്ളക്കാട്ടിൽ മായ(46)യെ നാല് ദിവസം മുൻപാണ് വീണ് നടുവിന് പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ഥിരോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും ഇത്രയും ദിവസമായും അസ്ഥിരോഗ വിദഗ്ദ്ധൻ രോഗിയെ പരിശോധിച്ചിട്ടില്ലെന്നാണ് പരാതി. കടുത്ത വേദനയിൽ പുളയുന്ന രോഗിയുടെ ദൈന്യത കണ്ട് ബന്ധുക്കൾ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.സെബാസ്റ്റ്യനെ പോയി കണ്ടു. എന്നാൽ ഡോക്ടർ രോഗിയെ നോക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, പരാതി പറയാൻ ചെന്നവർക്ക് നേരേ കയർക്കുകയും അവരെ മുറിയിൽ നിന്ന് ഇറക്കി വിടുകയും ചെയ്‌തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മത്സ്യം വിൽക്കുന്നതിനായി വൈക്കത്ത് നിന്നും കാണക്കാരി ഭാഗത്തേക്ക് പോകുമ്പോൾ കെ.എസ്.ആർ ടി.സി ബസിനുള്ളിൽ വീണാണ് മായക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റതായിട്ടും ആശുപത്രിയിൽ നിന്ന് പൊലീസിൽ അറിയിക്കുകയോ മറ്റ് നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.
ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി എം. കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് ധീവരസഭ പ്രവർത്തകർ ഇന്നലെ വൈകിട്ട് ഡോക്ടർ സ്വകാര്യ പരിശോധന നടത്തുന്ന വീടിന് മുന്നിൽ പ്രതിഷേധിച്ചത്.