കോട്ടയം: അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയ്‌ക്ക് പരിക്ക്. ളാക്കാട്ടൂർ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ്.എച്ച് മൗണ്ട് നിർമ്മാല്യം വീട്ടിൽ രജനിയെ (46) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കങ്ങഴ സ്വദേശി സിറിയക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പാറമ്പുഴ പുത്തേട്ട് സ്‌കൂളിനു സമീപമായിരുന്നു അപകടം. ചവിട്ടുവരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രജനിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ രജനിയുടെ കൈ ഒടിഞ്ഞു. നാട്ടുകാർ ചേർന്ന് കാർ തടഞ്ഞു നിർത്തി. തുടർന്ന് രജനിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമല്ല.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടു. ഇതേതുടർന്ന് കേസ് ഒത്തു തീർപ്പാക്കാൻ ഇടപെടലുണ്ടായതായും ആരോപണം ഉയർന്നു. എന്നാൽ, കാറോടിച്ചയാളെയും കാറും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.