കോട്ടയം: കൺസഷനിൽ യാത്ര ചെയ്ത ആറാം ക്ലാസുകാരനോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കുട്ടിയെ ഇറക്കിവിട്ടത് രണ്ടു കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ. ബസിൽ വച്ച് കുട്ടിയെ വലിച്ച് താഴെയിട്ടെന്നും പരാതിയുണ്ട്. കുട്ടിയുടെയും പിതാവിന്റെയും പരാതിയിൽ ബസ് പിടിച്ചെടുത്ത ആർ.ടി.ഒ ബാബു ജോൺ, കണ്ടക്‌ടറോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടു. പരുത്തുംപാറ വഴി ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംഗ് സൺ ബസിനെതിരെയാണ് നടപടി .
ഇന്നലെ ഉച്ചയ്‌ക്ക് 12.30 ന് കോട്ടയം നഗരമദ്ധ്യത്തിലായിരുന്നു സംഭവം. എം.ഡി സെമിനാരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്‌ക്ക് ഇരയായത്. വിദ്യാഭ്യാസ ബന്ദായതിനാൽ ഇന്നലെ സ്‌കൂൾ നേരത്തെ വിട്ടിരുന്നു. എം.ഡി കൊമേഷ്യൽ സെന്ററിനു മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് കുട്ടിയും സുഹൃത്തുക്കളും ബസിൽ കയറിയത്.