പാലാ : സിവിൽ സ്റ്റേഷൻ പരിസരത്ത് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കരുതെന്ന ആർ.ഡി.ഒ ഉത്തരവ് നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ചുമരുകളിലും മതിലുകളിലും റോഡിന്റെ വശങ്ങളിലുമെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥ സംഘടനകളുടെയും മതസംഘടനകളുടെയും പോസ്റ്ററുകളും ലഘുലേഖകളും പതിക്കുന്നത് പതിവാണ്. രണ്ട് മാസം മുൻപ് പോസ്റ്റുകളും ബോർഡുകളും നീക്കം ചെയ്ത് ചുമരുകൾ ചായം പൂശിയിരുന്നു. കൂടാതെ പരസ്യങ്ങൾ നിരോധിച്ചുള്ള ഉത്തരവും പതിച്ചു. എന്നാൽ ആഴ്ചകൾക്കകം പോസ്റ്ററുകൾ വീണ്ടും നിറഞ്ഞു. ഉത്തരവ് ലംഘിച്ച് പോസ്റ്റർ പതിച്ച സംഘടനകൾക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, ജോയി ചാലിൽ, ബേബി കീപ്പുറം, ജെയിംസ് ചാലിൽ, രാജു പുതുമന, സോജൻ വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.