നെടുംകുന്നം : നെടുംകുന്നം ടൗണിനു സമീപം ലോഡ്ജ് കേന്ദ്രീകരിച്ചു മദ്യക്കച്ചവടം നടത്തിവന്ന നെടുംകുന്നം ചിരട്ട വേലിക്കുഴി വീട്ടിൽ ദേവസ്യ മകൻ ജോയൽ ദേവസ്യയ്‌ക്കെതിരെ ചങ്ങനാശേരി എക്‌സൈസ് നടത്തിയ റെയ്ഡിൽ കേസ് രജിസ്റ്റർ ചെയ്തു. ലോഡ്ജ് കേന്ദ്രീകരിച്ച് വിദേശമദ്യം സംഭരിച്ച് വില്പന നടത്തുന്നതായയി എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്വേഷണ സംഘം എത്തിയപ്പോൾ പ്രതി കുറച്ചു മദ്യകുപ്പികൾ ഉപേക്ഷിച്ച ശേഷം മുറി പൂട്ടി കടന്നുകളയുകയായിരുന്നു. 36 മദ്യക്കുപ്പികൾ കണ്ടെടുത്തു. വർഷങ്ങളായി പ്രതി മദ്യഷോപ്പുകളുടെ അവധിദിവസങ്ങളിൽ മദ്യക്കച്ചവടം നടത്തിവരികയായിരുന്നു. അനധികൃതമായി കൂടുതൽ പണം വാങ്ങി മദ്യം നല്കുന്ന ബിവറേജസ് ഷോപ്പിലെ ജീവനക്കാർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ പി.ശ്രീകാന്ത്, ബിനോയ് കെ.മാത്യു, ആർ.കെ രാജീവ്, സജീവ് എം. ജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.നൗഷാദ്, ഡി.സുമേഷ്, അനീഷ് രാജ്, ലാലു തങ്കച്ചൻ, അരുൺ പി.നായർ, പി.എ മജീദ്, ഷാഡോ ടീമംഗം രാജീഷ് പ്രേം, ഡ്രൈവർ അനിൽ കെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.