കോട്ടയം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴും പിരിച്ചെടുത്ത കോടികൾ എവിടെപ്പോയി എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചും ഇനിയും തയ്യാറായിട്ടില്ല. ഒരു കോടി രൂപ ആർക്കാണ് കൊടുത്തെന്ന് ചോദ്യം ചെയ്യലിൽ രാജ്കുമാർ വ്യക്തമാക്കിയെങ്കിലും ആ പേര് ഇനിയും പുറത്തുവന്നിട്ടില്ല.
ഹരിത ഫിനാൻസിലെത്തുന്ന പണം അന്നേദിവസം വൈകുന്നേരം കുമളിയിലെത്തിച്ച് ആർക്കാണ് കൈമാറിയിരുന്നുവെന്ന് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ സുമാ ദിലീപ് വെളിപ്പെടുത്തിയിരുന്നു. ഈ പണം കൊണ്ടുപോയിരുന്നത് രാജ്കുമാറിന്റെ ആഡംബര കാറിലായിരുന്നു. ഹരിത ഫിനാൻസിലെ മാനേജർ മഞ്ജുവിന്റെ ഭർത്താവ് അജിമോനായിരുന്നു രാജ്കുമാറിന്റെ കാർ ഓടിച്ചിരുന്നത്. രാജ്കുമാറിന്റെ കസ്റ്റഡിമരണം വിവാദമായിട്ടും അജിമോനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ അന്വേഷണ സംഘം തുനിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പണം ആർക്കാണ് കൈമാറിയിരുന്നതെന്ന് അജിമോനെ ചോദ്യം ചെയ്താൽ അറിയാൻ കഴിയും. ഇയാളെ ചോദ്യം ചെയ്യാത്തത് സംശയങ്ങൾക്ക് ഇടനല്കിയിട്ടുണ്ട്. ഇയാളെ അജ്ഞാത കേന്ദ്രത്തിൽ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന സംശയവും നാട്ടുകാർക്കുണ്ട്.
ഒരു ഡിവൈ.എസ്.പി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ കാറിൽ രാത്രിയിൽ നെടുങ്കണ്ടം സ്റ്റേഷനിലെത്തി രാജ്കുമാറിനെ മർദ്ദിച്ചിരുന്നുവെന്നാണ് പുതിയ വിവരം. ഉന്നത ഇടപെടലിനെ തുടർന്നാണ് ഡിവൈ.എസ്.പി രാത്രിയിലെത്തിയതെന്നും ഇതേക്കുറിച്ച് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയുന്നു. ആരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഡിവൈ.എസ്.പി എത്തിയതെന്നാണ് അറിയേണ്ടത്.
എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള രാജ്കുമാറിന് തമിഴ് മാത്രമേ വശമുള്ളു. ടച്ച്ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ല. രണ്ടു മാസങ്ങൾ കൊണ്ട് രണ്ടു കോടി രൂപ തട്ടിയെടുക്കാനുള്ള സാങ്കേതിക കഴിവ് കൂലിപ്പണിക്കാരനായ രാജ്കുമാറിനില്ല. ഉന്നതരായ ആരോ ഇയാളെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതാകാമെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
കോലാഹലമേട് എസ്റ്റേറ്റ് ലയത്തിൽ കുട്ടികളോടും ഭാര്യ എം.വിജയയുമായി താമസിക്കുകയായിരുന്നു. അടുത്തിടെ വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോയി. നെടുങ്കണ്ടം തൂക്കുപാലത്ത് എത്തി വാടകവീട് എടുത്തു. അവിടെ ഹരിത ഫിനാൻസ് സ്ഥാപനം ആരംഭിക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡി.ശാലിനിയുമായാണ് രാജ്കുമാർ വാടകവീട്ടിൽ താമസിച്ചത്. ശാലിനിക്ക് രാജ്കുമാറിന്റെ തട്ടിപ്പ്കഥ മുഴുവൻ അറിയാമെന്നാണ് അറിയുന്നത്. ഇന്നലെ കോട്ടയം സബ് ജയിലിൽ എത്തി ക്രൈംബ്രാഞ്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്തൊക്കെ വിവരങ്ങൾ ലഭിച്ചുവെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.