rd

മണർകാട് : ടാർ ചെയ്തിട്ട് അധികം മാസങ്ങളായിട്ടില്ലെങ്കിലും മണർകാട്-കിടങ്ങൂർ-അരീപ്പറമ്പ് റോഡുകൾ ഇന്ന് തകർന്ന് തരിപ്പണമായിരിക്കുകയാണ്. മണർകാട് പഞ്ചായത്ത് ബൈപ്പാസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് ടാറിംഗ് ഇളകി രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് ചില്ലറ ദുരിതമല്ല സമ്മാനിക്കുന്നത്. മണർകാട് മുതൽ അരീപ്പറമ്പ് വരെയുള്ള റോഡുകളുടെ അവസ്ഥയും സമാനമാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നതിന് സാദ്ധ്യത ഏറെയാണെങ്കിലും റോഡ് നന്നാക്കുന്നതിനായി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഗതാഗതപരിഷ്‌കരണം വന്നതോടെ നിരവധി വാഹനങ്ങളാണ് പഞ്ചായത്ത് ബൈപ്പാസ് റോഡിലൂടെ പോകുന്നത്.

 പഴയ കെ.കെ. റോഡിന്റെ കാര്യവും കേൾക്കേണ്ടതാണ്

പൊട്ടിപ്പൊളിഞ്ഞ് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട പഴയ കെ.കെ റോഡിന്റെ അവസ്ഥയും ഏറെ പരിതാപകരമാണ്. ടാർ ചെയ്‌ത് അധികം ദിവസങ്ങൾ പിന്നിടും മുമ്പേ പൈപ്പ് ലൈനുകൾ ഇടാൻ ഈ വഴി വാട്ടർ അതോറിട്ടി കുത്തിപ്പൊളിച്ചതാണ് ഇവിടെ വില്ലനായത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ അടയാളപ്പെടുത്തലുകളായി കുറച്ച് കുഴികൾ രൂപപ്പെട്ടതല്ലാതെ റോഡിന്റെ അവസ്ഥയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. അതുകൊണ്ട് തന്നെ അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്.