പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ തിരുനാളിന് ഇത്തവണത്തെ ബലി മറ്റൊരു ചരിത്രമാകും ; മൗനത്തിന്റെ വിശുദ്ധ ബലി ! ഇതുവരെയുള്ള തിരുനാൾ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മൂകർക്കും ബധിരർക്കുമായി പ്രത്യേകം കുർബാന നടത്തുന്നു. പ്രധാന തിരുനാളിന് തൊട്ടു തലേന്ന് ജൂലായ് 27ന് 2.30 ന് അയ്മനം നവധ്വനി ആശ്രമം ഡയറക്ടർ ഫാ. ബിജു മൂലക്കരയാണ് ആംഗ്യ ഭാഷയിൽ കുർബാന അർപ്പിക്കുന്നത്.
' ബധിരരും മൂകരുമായ ഒരു പാട് പേർ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസങ്ങളിൽ പ്രാർത്ഥിക്കാൻ എത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇവർക്കായും പ്രത്യേകം കുർബാന ഒരുക്കിയിട്ടുള്ളത് '' അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടവും, വൈസ് റെക്ടർ ഫാ. ജോസഫ് മേയിക്കലും പറഞ്ഞു. ആംഗ്യ ഭാഷയിൽ കുർബാന ചൊല്ലുന്ന മൂന്നോ നാലോ വൈദികരേ ഭാരതത്തിലുള്ളൂ. ഇവരിൽ തന്നെ പ്രമുഖനും മലയാളിയുമായ ഫാ.ബിജു മൂലക്കരയെ തന്നെ അൽഫോൻസാമ്മയ്ക്കു മുന്നിൽ കുർബാന അർപ്പിക്കാൻ കിട്ടിയത് ഭാഗ്യമായി കരുതുകയാണെന്നും റെക്ടർമാർ പറഞ്ഞു.
മൗനം ബലിയാക്കി ബിജു അച്ചൻ
പാലാ: കേൾക്കാനും സംസാരിക്കാനും കഴിയാത്തവരുടെ 'ദൈവദൂതനാ 'ണ് ഫാ. ബിജു ലോറൻസ് മൂലക്കര.സമർപ്പണത്തിന്റെ വേറിട്ട വഴിയിൽ മൗനം വാചാലമാക്കുന്ന വൈദിക ശ്രേഷ്ഠൻ.
ഹോളിക്രോസ് സന്യാസ സഭാംഗമായ ബിജു അച്ചൻ തിരുവനന്തപുരം സ്വദേശിയാണ്. ഇപ്പോൾ അയ്മനം നവധ്വനി ആശ്രമത്തിന്റെ ഡയറക്ടർ.
ബധിരരും മൂകരുമായവർക്ക് ചെവിയും നാവുമായ ബിജു അച്ചൻ രണ്ട് പതിറ്റാണ്ടു മുമ്പാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. പൂന പേപ്പൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥി ആയിരിക്കെ, കനേഡിയൻ വൈദികനായ ഹാരി സ്റ്റോക്‌സിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. ശ്രവണ വൈകല്യമുള്ളവരുടെ ഇടയിൽ മൂന്നു പതിറ്റാണ്ടായി പ്രവർത്തിച്ചു വന്ന ഫാ. ഹാരി, ബിജു അച്ചനെ തന്റെ ശിഷ്യനായി കൂടെക്കൂട്ടി. ഹോളിക്രോസ് സഭാ നേതൃത്വവും കുടുംബാംഗങ്ങളും പിന്തുണ നൽകിയതോടെ ആറു മാസം കൊണ്ട് ' ആംഗ്യ ഭാഷ ' പഠിച്ചെടുത്തു. പൗരോഹിത്യം സ്വീകരിച്ച ശേഷം ബാംഗ്ലൂരിൽ ഫാ. ബിജുവിന്റെ ആദ്യ കുർബാന പോലും ആംഗ്യ രൂപത്തിലായിരുന്നു. ഇപ്പോൾ കേരളത്തിലും പുറത്തുമായി ഇരുപതോളം കേന്ദ്രങ്ങളിൽ ബധിരർക്കും മൂകർക്കുമായി പ്രത്യേകം ക്ലാസ്സുകളും പ്രാർത്ഥനകളുമൊക്കെയായി മൗനം ബലിയാക്കുകയാണീ പുരോഹിതൻ.