chemmanathu

വൈക്കം : കലിയുഗ രാജ സൂയത്തിന് വൈക്കം ഒരിക്കൽ കൂടി വേദിയാകുന്നു. 37-ാംമത് അഖില ഭാരത ഭാഗവത സത്രത്തിന് ഒരുക്കങ്ങൾ തുടങ്ങി. വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ഭാഗവത സത്രം നടക്കുക. കഴിഞ്ഞ ഭാഗവത സത്രം മണ്ണടിയിലാണ് നടന്നത്. 2003 ൽ അഖിലഭാരത ഭാഗവത സത്രത്തിന് വൈക്കം മഹാദേവക്ഷേത്രവും വേദിയായിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന, കലിയുഗ രാജ സൂയമെന്നറിയപ്പെടുന്ന അഖില ഭാരത ഭാഗവത സത്രത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

എ.കെ.നായർ (ചെയർമാൻ), ബി.അനിൽകുമാർ (വർക്കിംഗ് ചെയർമാൻ), പി.വി.ബിനേഷ് (ചീഫ് കോ-ഓർഡിനേറ്റർ), രാഗേഷ്.ടി.നായർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ .

* ഭാഗവത സത്രം ഡിസംബർ 12 മുതൽ 22 വരെ

* നൂറിൽപരം ആചാര്യന്മാരുടെ പ്രഭാഷണം.

* 108 ദിവസത്തെ നാരായണീയ പാരായണം.

* എല്ലാദിവസവും എല്ലാവർക്കും അന്നദാനം.

ചെമ്മനത്ത് ക്ഷേത്രം

ചെമ്മാനം നോക്കി കുടിയിരുന്നു ഭഗവാൻ. ഭഗവാനൊപ്പം ചെമ്മാനത്തേക്ക് ദർശനമുറപ്പിച്ച ദേശം അനന്തരം ചെമ്മനത്തുകരയായി. ആയിരം വർഷത്തിലേറെ പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് നിഗമനം. പടിഞ്ഞാറേക്ക് ദർശനമായി അഞ്ജന ശിലയിലാണ് പ്രതിഷ്ഠ. ശംഖ്, ചക്ര, പത്മ, ഗദാധാരിയാണ് ഇവിടെ ശ്രീകൃഷ്ണൻ. തേവാര മൂർത്തിയായ മഹാവിഷ്ണുവും ഉപദേവതകളും നവഗ്രഹങ്ങളും ഒപ്പമുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപ് തുളുബ്രാഹ്മണർക്കായിരുന്നു ക്ഷേത്രത്തിന്റെ ഊരാഴ്മ. പിന്നീട് ക്ഷേത്രം മറ്റപ്പള്ളി ഇല്ലത്തിന്റെ കൈവശമായി. 1980ൽ ഇല്ലക്കാർ എൻ.എസ്.എസ് 1173-ാം നമ്പർ ചെമ്മനത്തുകര കരയോഗത്തിന് കൈമാറി. ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം കരയോഗത്തിന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചിരുന്നു.