കോട്ടയം: ഇരുപത്തിനാല് മണിക്കൂറും മിഴിതുറന്നിരിക്കുന്ന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടും നഗരത്തിലെ മാലിന്യനിക്ഷേപത്തിന് ഒരു കുറവുമില്ല. ഇട റോഡുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവർ ആ പണി ഇപ്പോഴും തുടരുകയാണെന്നാണ് നഗരക്കാഴ്ചകൾ തെളിയിക്കുന്നത്. ചന്തക്കടവ്- കോടിമത റോയും ടി.ബി- എം.എൽ റോഡും അനധികൃത മാലിന്യനിക്ഷേപകരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. സ്ഥലം നഗരമദ്ധ്യത്തിണെങ്കിലും ഇവിടേക്ക് അധികൃതരുടെ ശ്രദ്ധയുണ്ടാകാറില്ലെന്നതാണ് സാമൂഹ്യവിരുദ്ധർക്ക് തുണയാകുന്നത്. ഇറച്ചിക്കോഴി, പച്ചമീൻ എന്നിവയുടെ അവശിഷ്ടങ്ങൾ അടങ്ങിയ പൊതിക്കെട്ടുകളാണ് റോഡിലും പരിസരത്തെ ആളൊഴിഞ്ഞ പറമ്പുകളിലുമൊക്കെ കാണപ്പെടുന്നത്. തെരുവുനായ്ക്കൾ വലിച്ചിഴച്ച് പരിസരമാകെ വിതറുന്ന മാലിന്യം അവിടെക്കിടന്ന് ചീഞ്ഞുനാറുകയാണ് പതിവ്.
നഗരസഭയുടെ അവകാശവാദങ്ങൾ
1. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകി.
2. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം നവംബർ വരെ ഊർജ്ജിതപ്പെടുത്തി.
3. നഗരത്തിലെ മാലിന്യനിക്ഷേപ ഹോട്ട് സ്പോട്ടുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സ്ക്വാഡിനേയും നിയോഗിച്ചു.
ശിക്ഷിക്കാൻ വകുപ്പുണ്ട് !, എന്നിട്ടും...
അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി 6 മാസം മുതൽ 6 വർഷം വരെ തടവും, 5000 മുതൽ 5 ലക്ഷംരൂപവരെ പിഴയും ശിക്ഷലഭിക്കുന്ന വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷന് വിധേയമാക്കുമെന്നും അടുത്തിടെ നഗരസഭ അദ്ധ്യക്ഷയുടെ വക പത്രപ്രസ്താവനയും ഉണ്ടായിരുന്നു. വർഷം തോറും ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന ഇത്തരം പൊടിക്കൈകളൊന്നും മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നില്ല.