പാലാ : പ്രായം കൊണ്ട് കൗമാരമാണെങ്കിലും ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം രോഗാവസ്ഥയിലാണ്. ആശുപത്രി വളപ്പിലെ കൽക്കെട്ടിനോടു ചേർന്നുള്ള വെയിറ്റിംഗ് ഷെഡിന്റെ ആദ്യ വെല്ലുവിളി നിലനിൽപ്പ് തന്നെയാണ്. കൽക്കെട്ടിനുള്ളിൽ വളരുന്ന രണ്ട് കൂറ്റൻ മരങ്ങളാണ് കാത്തിരിപ്പ് കേന്ദ്രത്തിന് ഭീക്ഷണിയാകുന്നത്. വേരുകൾ പടർന്ന് കൽക്കെട്ട് ഇളകി ഷെഡിന് മുകളിലേക്ക് വീഴാവുന്ന നിലയിലാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം നിരവധിപ്പേരാണ് ദിനംപ്രതി ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. ഏറെയും ആശുപത്രിയിലെത്തുന്ന രോഗികളാണ്. സാംക്രമിക രോഗങ്ങൾ പടർന്നു പിടിയ്ക്കുന്ന ഈ സമയത്ത് ആശുപത്രി പരിസരത്തെ മലിനജലം ഒഴുകുന്നത് കൽക്കെട്ടിനിടയിലൂടെ കാത്തിരിപ്പു കേന്ദ്രത്തിനു പുറകുവശത്തെ ചാലിലൂടെയാണ്. മഴ പെയ്താൽ റോഡിലൂടെ ഒഴുകുന്ന നഗരത്തിലെ മാലിന്യങ്ങളടങ്ങിയ ജലം കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലൂടെയാണ് ഒഴുകുന്നത്. യാത്രക്കാരെ രോഗികളാക്കാൻ ഇത് തന്നെ ധാരാളം.

കാത്തുനിൽക്കാം ഇവിടെ

കാത്തിരിപ്പുകേന്ദ്രം എന്ന് പറച്ചിൽ മാത്രമേയുള്ളൂ. ക്ഷീണിച്ചൊന്ന് ഇരിക്കണമെന്ന് തോന്നിയാൽ പെട്ടതുതന്നെ. ഇരുമ്പ് പൈപ്പ്
ഉപയോഗിച്ച് ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ദ്രവിച്ചിരിക്കുകയാണ്. കാത്തിരിപ്പ് കേന്ദ്രത്തിന് പിൻഭാഗത്ത് മതിൽക്കെട്ടിനോട് ചേർന്ന് ടിൻഷീറ്റ് വച്ച് മറച്ചിട്ടുണ്ടെങ്കിലും അപകടകരമാം വിധം നശിച്ചിരിക്കുകയാണ്.

പൊൻകുന്നം, തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രം

വെയിറ്റിംഗ് ഷെഡിന്റെ അപകടസ്ഥിതിയെപ്പറ്റി പലതവണ നഗരസഭ, ജനറൽ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ആരും ഗൗനിക്കുന്നില്ല.
പി. പോത്തൻ,പൗരസമിതി പ്രസിഡന്റ്‌