തലയോലപ്പറമ്പ്: കൈയ്യിൽ വെളിച്ചം കരുതിയില്ലെങ്കിൽ പള്ളിക്കവലയിലും സെൻട്രൽ ജംഗ്ഷനിലും രാത്രിസഞ്ചാരം ആരെയും ഒന്നു ചുറ്റിക്കും. ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായതാണ് പ്രദേശത്തെ ഇരുട്ടിലാക്കുന്നത്. നാലു മാസം മുമ്പ് ഹൈമാസ്റ്റ് ലൈറ്റുകളിൽ അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും വീണ്ടും അത് തകരാറിലാവുകയായിരുന്നു. എന്നാൽ ജനത്തിരക്കേറിയ ഇരുജംഗ്ഷനുകളിലും ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ടും ഇത് നന്നാക്കുന്നതിനായി അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അധികൃതരുടെ അലംഭാവത്താൽ ബസ് കാത്തിരുപ്പ് കേന്ദ്രം ഉൾപ്പെടെ ഇപ്പോൾ കൂരിരുട്ടിലാണ്. ജംഗ്ഷനിലുള്ള വ്യാപാരസ്ഥാപനങ്ങൾ രാത്രി അടയ്ക്കുന്നതോടെ ഇവിടെയെത്തുന്നവർക്ക് വെളിച്ചം കാണണമെങ്കിൽ കൈയ്യിൽ ടോർച്ച് കരുതേണ്ടി വരും. മുക്കിലും മൂലയിലും പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമ്പോഴും പ്രധാന ജംഗ്ഷനുകളിൽ തകരാറിലായ ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.