kariyar-spilway

വൈക്കം : കരിയാർ സ്പിൽവേയുടെ ബോട്ടുലോക്ക് തുറന്നതോടെ ജലഗതാഗതത്തിനുണ്ടായിരുന്ന തടസം നീങ്ങി. സ്പിൽവേയുടെ ഷട്ടറുകൾ ഓരു ജലം കടക്കാതിരിക്കാൻ അടച്ചിട്ടും ഓരു ജലം ഷട്ടറുകൾക്കടിയിലെ വിടവിലൂടെ കടന്നതോടെ കരിയാറിനോട് ബന്ധപ്പെട്ട സ്ഥലങ്ങളിലെ വാഴ, ജാതി തുടങ്ങിയ ഇടവിളകൾ വ്യാപകമായി ഉണങ്ങി നശിച്ചിരുന്നു.നാട്ടുകാരുടേയും കർഷകരുടെയും പരാതിയെ തുടർന്ന് സ്പിൽവേയുടെ ഷട്ടറിനടിയിലും വശങ്ങളിലും മണൽചാക്കുകൾ നിറച്ചാണ് ഓരു ജല ഭീഷണി തടഞ്ഞത്.മഴ ശക്തമായതോടെ രണ്ടാഴ്ച മുമ്പ് കരിയാർസ്പിൽവേ ഷട്ടർ തുറന്നിട്ടും മണൽചാക്കുകൾ നീക്കാൻ കഴിയാതിരുന്നതിനാൽ ബോട്ട് ലോക്ക് തുറക്കാൻ കഴിഞ്ഞിരുന്നില്ല. ചെവ്വാഴ്ച രാവിലെ മുതൽ തൊഴിലാളികൾ ഇറങ്ങി ഷട്ടറിന് താഴെയും വശങ്ങളിലും സ്ഥാപിച്ചിരുന്ന മണൽചാക്കുകൾ മുങ്ങി നീക്കം ചെയ്തതതിനെ തുടർന്ന് വൈകിട്ടോടെ തടസങ്ങൾ നീക്കി ബോട്ട് ലോക്ക് ജലഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു .ബോട്ട് ലോക്ക് അടഞ്ഞുകിടന്നപ്പോൾ വീട് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ അടക്കമുള്ളവ വള്ളങ്ങളിൽ കൊണ്ടു പോകുന്നതിന് പ്രദേശവാസികൾക്ക് കഴിഞ്ഞിരുന്നില്ല. കരിയാറിലൂടെ വേമ്പനാട്ട് കായലിലേയ്ക്ക് പോകാൻ ഹൗസ് ബോട്ടുകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും ബോട്ട് ലോക്ക് അടഞ്ഞുകിടക്കുന്നത് വിനയായിരുന്നു.മഴ ആരംഭിച്ചതോടെ ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉണ്ടായ ഉണർവിന്റെ ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നതിനും ബോട്ട് ലോക്ക്തുറക്കേണ്ടത് അനിവാര്യമായിരുന്നു. ബോട്ട് ലോക്ക് തുറന്ന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കാനും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് ആക്കം കൂട്ടാനും ഇറിഗേഷൻ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. ബോട്ട് ലോക്ക് അടഞ്ഞ് കിടക്കുന്നത് ജലഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ 21 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.