വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച.
ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിന്റെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ 6 കാണിക്കവഞ്ചികളിലും അലമാരയിലുമുണ്ടായിരുന്ന പണവും കവർന്നത്. 5 കാണിക്കവഞ്ചികൾ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ കുളപ്പുരയിലും ഒരെണ്ണം പുറത്തുമായി കുത്തിതുറന്ന് പണം കവർന്ന നിലയിൽ കാണപ്പെട്ടു. ചുറ്റമ്പലത്തിന്റെ തെക്ക് കിഴക്കേ ഭാഗത്തെ വാതിലാണ് കുത്തിതുറന്നത്. കാണിക്കവഞ്ചികൾ അവ സൂക്ഷിച്ചിരുന്ന പെട്ടി തകർത്താണ് പുറത്തെടുത്തത്. കുളപ്പുരയ്ക്കു സമീപം നിന്ന് വാതിലും പൂട്ടും തകർക്കാനുപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും ഇരുമ്പ് കമ്പിയും കണ്ടെടുത്തിട്ടുണ്ട്.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ എതിർവശത്തുള്ള പൂങ്കാവ് ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും കുത്തിതുറന്ന് പണം കവർന്ന നിലയിലായിരുന്നു. ക്ഷേത്രത്തിനകത്തെ കാണിക്ക വഞ്ചിയും ഓഫീസും കുത്തിതുറക്കാനുള്ള ശ്രമവും നടന്നിരുന്നു.
ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളു. ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വാതിലുകൾക്ക് വേണ്ടത്ര ഉറപ്പില്ലായിരുന്നെന്ന് ആക്ഷേപമുണ്ട്. ഒരു മാസം മുൻപ് ബോർഡിന്റെ കീഴിലുള്ള ഉദയംപേരൂർ ക്ഷേത്രത്തിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. ക്ഷേത്രങ്ങളുടെ കാവലിന് വിമുക്ത ഭടന്മാരെ നിയമിക്കുമെന്ന് അടുത്തകാലത്ത് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമായില്ല. പൊലീസും വിരലടയാള വിദഗ്ധരും ഇടയാഴം, പൂങ്കാവ് ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്തി.