കുറവിലങ്ങാട്: കുറവിലങ്ങാട് ബസ് സ്റ്റാൻഡിലെ സ്മാർട്ട് വാട്ടർ എ.ടി.എം ഹിറ്റായി. വെറും ഒരു രൂപയ്ക്ക് ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്ന ഈ എ.ടി.എമ്മിൽനിന്ന് മൂന്നു മാസം കൊണ്ട് കിട്ടിയത് എണ്ണായിരത്തിലേറെ രൂപ. അതായത് ഇത്രയും പേർ വെള്ളം എടുത്തു എന്നർത്ഥം.
നാണയം നിക്ഷേപിച്ച ശേഷം കൗണ്ടറിൽ പാത്രം വച്ച് സ്വിച്ച് അമർത്തിയാൽ നിശ്ചിത അളവിൽ വെള്ളം ലഭിക്കും. ഗ്രാമപഞ്ചായത്ത് കിണറിൽ നിന്നുള്ള വെള്ളം ആറു തവണ ശുചീകരിച്ച് മിനറലുകൾ ചേർത്ത് ടാങ്കിൽ സംഭരിച്ച ശേഷമാണ് എ.ടി.എമ്മിൽ എത്തിക്കുന്നത്. കൗണ്ടറിലൂടെ വെള്ളം സംഭരിക്കുന്നതനുസരിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നതിന് ക്രമീകരണമുണ്ട്. മണിക്കൂറിൽ 1000 ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി വെള്ളമെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്മാർട്ട് കാർഡ് ഏർപ്പെടുത്തുന്നുണ്ട്. സ്മാർട്ട് കാർഡ് കുടിവെള്ള കൗണ്ടറിനുനേരേ കാണിച്ചാൽ 200 മില്ലീലിറ്റർ വെള്ളം ലഭിക്കും. കുറവിലങ്ങാട് പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് വാട്ടർ എ.ടി.എം. പദ്ധതിക്ക് രൂപം നൽകിയത്. പതിനൊന്നു ലക്ഷം രൂപയാണ് ചെലവ്. പള്ളിക്കവല ബസ് സ്റ്റാൻഡിലും എ.ടി.എം പരിഗണനയിലാണ്.