accident-death

വെമ്പള്ളി (കോട്ടയം): അടി​യന്തരഘട്ടങ്ങളി​ൽ ഉണർന്നു പ്രവർത്തി​ക്കേണ്ട പൊലീസിന്റെ മടി​യും തർക്കവും കാരണം യുവാവി​ന് ജീവൻ നഷ്ടമായി​. കടുത്തുരുത്തി വെമ്പള്ളി കളത്തൂർ കുര്യം മണപ്പുറം റോണി ജോ (30) ആണ് മരി​ച്ചത്. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നു റോഡി​ൽക്കിടന്ന റോണി ജോയെ ആശുപത്രിയിലെത്തിക്കാൻ അതുവഴി​ വന്ന പൊലീസ് ഉദ്യോഗസ്ഥർ വി​മുഖത കാട്ടുകയായി​രുന്നു. ഇതിനിടെയാണ് യുവാവ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ഉച്ചയ്‌ക്ക് 12ന് എം.സി റോഡിൽ വെമ്പള്ളി ഭാഗത്തു വച്ച് റോണിയും പി​താവ് ജോക്കുട്ടിയും സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറി ഇടിച്ചു. റോഡിൽ തെറിച്ചു വീണ ഇവരെ ആശുപത്രി​യി​ലെത്തി​ക്കാൻ നാട്ടുകാർ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിറുത്തി​യി​ല്ല. ഇതിനിടെയാണ് തൃശൂർ ഇന്ത്യാ റിസർവ് ബെറ്റാലിയനിൽ നി​ന്ന് വിരമിച്ച എ.എസ്.ഐയെ കറുകച്ചാലിലെ വീട്ടി​ലെത്തി​ക്കാനായി​ പൊലീസ് ജീപ്പ് വന്നത്. കൈ കാണി​ച്ചപ്പോൾ ജീപ്പ് നിറുത്തിയെങ്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഉദ്യോഗസ്ഥർ ഉടൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. പത്ത് മിനിട്ടോളം പൊലീസുകാർ തർക്കിച്ചതായി നാട്ടുകാർ ആരോപിച്ചു. ഒടുവിൽ നാട്ടുകാരിൽ ഒരാൾ ഒപ്പം ചെല്ലാമെന്ന് സമ്മതി​ച്ചതോടെയാണ് റോണിയെ വാഹനത്തിൽ കയറ്റിയത്. എന്നാൽ മെഡി​ക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരി​ച്ചു. പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിൽ ജോക്കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തിട്ടില്ല.

ആരോപണം അടിസ്ഥാന

രഹിതമെന്ന് പൊലീസ്

നാട്ടുകാരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറയുന്നു. മൂന്നു മിനിട്ടോളം മാത്രമാണ് ജീപ്പ് നിറുത്തി​യി​ട്ടതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തി​ന്റെ റി​പ്പോർട്ട്. പന്ത്രണ്ട് മണിയോടെ അപകടമുണ്ടായി​. 12.03 ന് ജീപ്പെത്തി. വാഹനത്തിൽ പരിക്കേറ്റയാളെ കയറ്റണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. എന്നാൽ സ്ഥലത്തെ സ്റ്റേഷനിൽ വിവരമറിയിച്ച ശേഷം കയറ്റാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേത്തുടർന്ന് മൂന്നു മിനിട്ട് തർക്കമുണ്ടായി​. 12.45ന് ജീപ്പ് മെഡിക്കൽ കോളേജിലെത്തി​. 12.25ന് റോണി മരി​ച്ചുവെന്നാണ് മെഡിക്കൽ കോളേജിലെ രേഖ. റ​പ്പോർട്ട് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് കൈമാറി​.