കുറുപ്പന്തറ : അഗതിരഹിത ഗ്രാമപഞ്ചായത്താകാൻ മാഞ്ഞൂർ ഒരുങ്ങുന്നു. 2.09 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി ജനറൽ വിഭാഗത്തിലെ 109 കുടുംബങ്ങളെയും പട്ടികവർഗ വിഭാഗക്കാരായ 23 കുടുംബങ്ങളെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആശ്രയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണം, കുടിവെള്ളം, ചികിത്സ, വസ്ത്രം, വിവിധതരം പെൻഷനുകൾ, ഭൂമി, പാർപ്പിടം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവ ഗുണഭോക്താക്കൾക്ക് ലഭിക്കും. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ചുമതല കുടുംബശ്രീക്കാണ്. ആദ്യഘട്ടമായി പഠനോപകരണങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. ജീവനോപാധികൾ, തൊഴിൽ പരിശീലനം, മാനസിക വികാസത്തിനുതകുന്ന സംവിധാനങ്ങൾ എന്നിവയിലൂടെ അഗതികളെ സ്വയംപര്യാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്ത് പ്ലാൻ ഫണ്ട്, കുടുംബശ്രീ ചലഞ്ച് ഫണ്ട് എന്നിവയും വിവിധ ധനകാര്യ സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.