പാലാ : ഹൈസ്‌കൂൾ - ഹയർസെക്കൻഡറി ലയന തീരുമാനം കോടതി സ്റ്റേ ചെയ്തിട്ടും അതിനെ മറികടക്കാനായി കെ.ഇ.ആർ ഭേദഗതി ചെയ്ത സർക്കാരിന്റെ നടപടി പൊതുവിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്ന് ടീച്ചേഴ്‌സ് ഗിൽഡ്. ജനാധിപത്യ വിജയത്തിന്റെ അടിത്തറയായ അധികാരവികേന്ദ്രീകരണത്തിന്റെ കാലഘട്ടത്തിൽ ഏകാധിപത്യ ശൈലിയിലൂടെ പൊതുസമൂഹത്തെ സർക്കാർ വെല്ലുവിളിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനായി നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് പ്രവർത്തകയോഗം മുന്നറിയിപ്പ് നൽകി. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോർജ് വരകുകാലാപ്പറമ്പിൽ, പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി ജോബെറ്റ് തോമസ്, സാജു മാന്തോട്ടം, സാബു മാത്യു, ആമോദ് മാത്യു, സ്റ്റീഫൻ മാനുവൽ, ഷിനു ആനത്താരക്കൽ, സിബി തോട്ടക്കര, മാനുവൽ മാന്തറ, സ്‌കറിയാച്ചൻ മണ്ണൂർ, ജോബി കുളത്തറ, സെലിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.