കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കൾക്കായി ജില്ലാ സാക്ഷരതാ മിഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രത്യേക വിഭാഗങ്ങളിലായിരുന്നു മത്സരം. കോട്ടയം ബി.ആർ.സി. ഹാളിൽ നടത്തിയ സാഹിത്യ രചനാ മത്സരത്തിൽ 51 പേർ പങ്കെടുത്തു. വാർഡ് സാക്ഷരതാ സമിതികളുടെ നേതൃത്വത്തിൽ മുതിർന്ന പഠിതാക്കൾക്കായി വായനാ മത്സരവും പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കായി ആസ്വാദനക്കുറിപ്പു മത്സരവും നടത്തി. ഒന്നാം സ്ഥാനം നേടിയവർക്ക് വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സ്ഥാപന ചടങ്ങിൽ സമ്മാനങ്ങൾ നൽകും. കേരള സാഹിത്യ അക്കാദമിയുമായി ചേർന്ന് സാക്ഷരതാ മിഷൻ നടത്തുന്ന സാഹിത്യ ക്യാമ്പിൽ ഇവർ പങ്കെടുക്കും.