തലയോലപ്പറമ്പ്: പതിവു പോലെ ഒരു രസത്തിന് ചൂണ്ടയിട്ടതാണ് ബാലൻ. പക്ഷെ ചൂണ്ടയിൽ കുരുങ്ങിയ മീൻ കണ്ട് അയാൾ ഞെട്ടിപ്പോയി. തന്നോളം പോന്ന ഒന്ന്. 19 കിലോയിലധികം തൂക്കം വരുന്ന നട്‌ലർ എന്ന ഭീമൻ മീനായിരുന്നു ചൂണ്ടയുടെ ചുണ്ടത്ത്.
വെള്ളൂർ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുന്ന പീടികത്തറയിൽ ബാലൻ (സുനിൽകുമാർ, 42) അവധി ദിവസങ്ങളിൽ പലപ്പൊഴും മൂവാറ്റുപുഴയാറിന്റെ കക്കാട് ഭാഗത്ത് ചൂണ്ടയിടാൻ വരാറുണ്ട്. കഴിഞ്ഞ ദിവസവും ചൂണ്ട അനങ്ങുന്നതു കണ്ട് വലിച്ചെങ്കിലും അങ്ങിനെയങ്ങ് പോന്നില്ല. പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ വലിച്ച് കരയ്ക്കിട്ടപ്പോഴാണ് ഭീമൻമത്സ്യം ചൂണ്ടയിൽ കിടന്ന് പിടക്കുന്നത് കണ്ടത്. ഇതോടെ മീനിനെ കാണാൻ നാട്ടുകാരും കൂടി. 5000 രൂപ നൽകി ഒരു കൂട്ടർ മീൻ വാങ്ങിക്കൊണ്ട് പോവുകയും ചെയ്തു.