കോട്ടയം: എം.എൽ റോഡിലെ പലചരക്ക് മൊത്തവ്യാപാരസ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനരീതിയും നടപടിക്രമങ്ങളും അപലപനീയമാണെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
50 വർഷത്തിലധികമായി വ്യാപാരം നടത്തിവരുന്ന സ്ഥാപനത്തിനെതിരെ നാളിതുവരെ ഒരു ഉപഭോക്താവും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും നിയമം ദുർവ്യാഖ്യാനം ചെയ്ത് കടപരിശോധിക്കുകയും കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ന്യൂനതകൾ പരിഹരിക്കുന്നതിന് നിയമാനുസരണം സമയം അനുവദിക്കാതെ കട അടച്ചുപൂട്ടി സീൽ ചെയ്യുകയുമാണുണ്ടായതെന്നും യോഗം ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.ഡി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹാജി എം.കെ. ഖാദർ, സി.എ. ജോൺ, കുരുവിള തോമസ്, കെ.പി. ഇബ്രാഹീം, പി.കെ. അബ്ദുൾ സലാം, സുരേഷ് വൃന്ദാവൻ എന്നിവർ പ്രസംഗിച്ചു.