അടിമാലി: കാട്ടാനകൾ നാട്ടിലേക്കിറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നത് വർദ്ധിച്ചതോടെ എങ്ങനെ പ്രശ്നപരിഹാരം കാണുമെന്ന ആശങ്കയിൽ നാട്ടുകാർ. ആനക്കുളം തൊണ്ണൂറ്റാറ് നിവാസികളാണ് ദുരിതത്തിലായത്..ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ ഭയന്നാണ് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി പ്രദേശവാസികൾ ഇവിടെ കഴിഞ്ഞ് കൂടുന്നത്.ആനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുന്നതിനൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സ്വര്യജീവിതത്തെക്കൂടി ബാധിക്കുകയാണ്. ആദിവാസി മേഖലയായ കോഴിയിളക്കുടിയിൽ നിന്നുമായിരുന്നു പത്തിലധികം വരുന്ന കാട്ടാനകൾ ആനക്കുളത്തിറങ്ങിയത്.ചെറു സംഘങ്ങളായി തിരിഞ്ഞ് തീറ്റതേടാനാരംഭിച്ചത് വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടായിരുന്നു. വന്നപോലെ തിരികെപ്പോകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയും തെറ്റിമൂന്നാർ റാപ്പിഡ് റെസ്‌പോൺസ് അംഗങ്ങൾ എത്തി കാട്ടാനകളെ തുരത്താൻ ശ്രമം നടത്തിയെങ്കിലും അതും വിഫലമായി. ആനകളെ തടയുന്നതിന് ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വൈദ്യുത വേലി തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .