
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
സാബുവിനെ എത്തിച്ചത് മുഖം മറച്ച് കൂക്കുവിളികളുമായി നാട്ടുകാർ
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ എസ്.ഐ കെ.എ. സാബുവിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖവാസം. പൊലീസ് അറസ്റ്റ് ചെയ്‌തപ്പോൾ തലകറങ്ങിവീണ സാബുവിനെ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടെങ്കിലും, ഇപ്പോഴും ഹൃദ്രോഗ വിഭാഗത്തിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തപ്പോഴാണ് സാബു തലകറങ്ങി വീണത്. പ്രാഥമിക പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്ക് മാറ്റിയത്. സാബു നേരത്തേ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും ഇപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. അസ്വസ്ഥതയുണ്ടെന്ന് സാബു അറിയിച്ചതിനെ തുടർന്ന് ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ ജയിൽവാസം ഒഴിവാക്കാനുള്ള പൊലീസിന്റെ സഹായമാണ് ഇപ്പോൾ ലഭിച്ചതെന്നാണ് ആരോപണം.
ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ ആശുപത്രിയിൽ എത്തിക്കുമെന്നറിഞ്ഞ് നിരവധി പേർ തടിച്ചു കൂടി. ഇത് സംഘർഷത്തിന് ഇടയാക്കി. ആളുകളെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. പൊലീസ് ജീപ്പിനുള്ളിൽ നിന്ന് സാബുവിനെ പുറത്തിറക്കാൻ ഏറെ പണിപ്പെട്ടു. ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ സാബുവിന്റെ തലയ്‌ക്ക് അടിക്കുകയും ചെയ്തു. തോർത്ത് ഉപയോഗിച്ച് മുഖം മൂടിയാണ് പുറത്തിറക്കിയത്. ചിത്രം പകർത്തിയ മാദ്ധ്യമ പ്രവർത്തകരെ ആക്രമിക്കാനും കാമറ പിടിച്ചുവാങ്ങാനും പൊലീസ് ശ്രമിച്ചതും സംഘർഷത്തിന് ഇടയാക്കി. ഇതിനെതിരെ നാട്ടുകാരും രംഗത്ത് വന്നതോടെ പൊലീസുകാർ പിൻവാങ്ങി.