ഏറ്റുമാനൂർ: ചുവപ്പുനാടയിൽ കുടുങ്ങി നവീകരണം തടസപ്പെട്ടിരുന്ന നീണ്ടൂർ-കുറുമുള്ളൂർ റോഡിന് ഒടുവിൽ ശാപമോക്ഷം. നവീകരണത്തിനുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങിയതോടെയാണ് റോഡ് നവീകരിക്കാൻ തീരുമാനമായത്. ആദർശ് ഗ്രാമപഞ്ചായത്തായ നീണ്ടൂരിലെ ഈ റോഡ് ജോസ് കെ മാണി എം.പിയുടെ ശ്രമഫലമായാണ് 2018ൽ പ്രധാനമന്ത്രി ഗ്രാമീണ സസദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനമായത്. ആറ് കിലോമീറ്റർ നവീകരിക്കുന്നതിന് 4.30 കോടിരൂപയാണ് അനുവദിച്ചിരുന്നത്. അഞ്ച് വർഷത്തെ ഗ്യാരണ്ടിയും, അഞ്ച് വർഷത്തെ മെയിൻറ്റനൻസുമടക്കം പത്ത് വർഷത്തെ പാക്കേജാണ് പി.എം.ജി.എസ്.വൈ മന്നോട്ട് വച്ചത്. .പദ്ധതിയുടെ തുക അനുവദിച്ചതോടെ ജോസ്.കെ മാണി എം.പി തന്നെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയും പദ്ധതി പ്രകാരം ടെൻഡർ പൂർത്തിയാക്കി വർക്ക് ആരംഭിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടെങ്കിലും പണി മാത്രം തുടങ്ങിയില്ല. നവീകരണം പൂർത്തിയാൽ പ്രദേശത്ത് വൻ വികസനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അതേ സമയം ഇനിയും ചുവപ്പ് നാടയിൽ കുടുങ്ങി നിർമ്മാണം തടസ്സപ്പെടുമൊയെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു