peerumedu-custodial-death

പീരുമേട്: രാജ് കുമാർ ചങ്കുവേദനയെ തുടർന്ന് രാത്രി മുഴുവൻ അലറി കരഞ്ഞിട്ട് തുള്ളി വെള്ളം പോലും പീരുമേട് ജയിൽ അധികൃതർ നൽകിയില്ലെന്ന് സഹതടവുകാരുടെ മൊഴി. രാജ് കുമാറിന്റെ മരണ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും മൊഴിയിൽ പറയുന്നു. ചെങ്കര സ്വദേശി കണ്ണനാണ് രാജ്കുമാറിനേറ്റ മർദനത്തെ പറ്റി ഒടുവിൽ മൊഴി നൽകിയത്. നേരത്തെ രാജ്കുമാറിനെ മർദ്ദിച്ച കാര്യം മാദ്ധ്യമങ്ങളോട് വെളുപ്പെടുത്തിയ സുനിൽ സുകുമാരൻ എന്ന സഹ തടവുകാരനെയും അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു. രാജ് കുമാറിനെ പീരുമേട് സബ് ജയിലിൽ എത്തിച്ചതിന് ശേഷം മദ്യ ലഹരിയിലായിരുന്ന ഹെഡ് വാർഡൻ ക്രൂരമായി മർദിച്ചു. നെടുങ്കണ്ടം ലോക്കപ്പിൽ നിന്നേറ്റ മർദനത്തെ തുടർന്ന് തീർത്തും അവശനായി എഴുന്നേൽക്കാൻ പോലും കഴിയാതെ സബ് ജയിലിൽ ഇരിക്കുകയായിരുന്ന രാജ്കുമാറിനെ 'എഴുന്നേൽപ്പിക്കാൻ ഞങ്ങൾക്കറിയാമെടാ" എന്ന് തുടങ്ങി അസഭ്യവർഷത്തോടെ തുടരെ മർദിക്കുകയായിരുന്നു. തളർന്ന രാജ്കുമാറിന് ഭക്ഷണവും കുടിവെള്ളവും നൽകാൻ പോലും ജയിൽ ഉദ്യോഗസ്ഥർ തയ്യാറായില്ല. നെടുങ്കണ്ടം പൊലീസിന് ഒത്താശ ചെയ്യുന്ന രീതിയിലാണ് ജയിൽ അധികൃതർ പെരുമാറിയതെന്ന് സഹതടവുകാരുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം ജയിൽ ഡി.ഐ.ജി സാം തങ്കയ്യ പീരുമേട് സബ് ജയിലിൽ എത്തി അന്വേഷണം നടത്തിയിരുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദേശത്തെ തുടർന്നാണ് ജയിലെത്തി അന്വേഷണം നടത്തിയത്. സബ്ജയിലിലെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും ഡി.ഐ.ജി പരിശോധിച്ചു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടർമാരോട് വിവരങ്ങൾ തിരക്കുകയും ആശുപത്രി രേഖകൾ പരിശോധിക്കുകയും ചെയ്തു.