പൊൻകുന്നം : എരുമേലി വിമാനത്താവളം സംബന്ധിച്ച അവ്യക്തത മാറ്റി സംസ്ഥാന സർക്കാർ നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് വിശ്വകർമ്മസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി ആവശ്യപ്പെട്ടു. ശബരിമല തീർഥാടകർക്ക് പ്രയോജനം ലഭിക്കുന്നതിനാണ് എരുമേലി വിമാനത്താവളം എന്ന ആശയം രൂപപ്പെട്ടത്. വിമാനത്താവളത്തിനായി തീരുമാനിച്ചിട്ടുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് യാതൊരുവിധ തീരുമാനങ്ങളുമായിട്ടില്ലെന്ന് മാത്രമല്ല കേന്ദ്രസർക്കാരിന്റെയും സിവിൽ ഏവിയേഷൻ വകുപ്പിന്റെയും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിമാനത്താവളം സംബന്ധിച്ച ദുരൂഹത നീക്കി വസ്തുത ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.