കോട്ടയം: കെവിൻ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളി ഒന്നാം പ്രതി ഷാനു വും ചാക്കോയും അടക്കമുള്ള പ്രതികൾ. രണ്ടാം ഘട്ട വിചാരണയുടെ ഭാഗമായി പ്രതികളെ ജഡ്‌ജി ഇന്നലെ നേരിട്ട് ചോദ്യം ചെയ്തു.

കെവിൻ താഴ്‌ന്ന ജാതിയിൽപ്പെട്ടയാളാണെന്നോ നീനുവും കെവിനും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ചാക്കോ പറഞ്ഞത്. ചാക്കോ ക്രൂരമായി മർദിക്കുകയും കൈ പൊള്ളിക്കുകയും ചെയ്‌തിരുന്നതായി നീനു മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് പറഞ്ഞ ചാക്കോ, താൻ പതിനാറ് വർഷം ഗൾഫിലായിരുന്നുവെന്ന് അറിയിച്ചു. നീനു ചവിട്ടിയതിനെ തുടർന്ന് തന്റെ ഭാര്യയുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനെ തുടർന്നാണ് തിരികെ നാട്ടിലെത്തേണ്ടി വന്നത്.

അവൻ തീർന്നു എന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ സുഹൃത്തിന്റെ മൊബൈലിലേയ്‌ക്ക് സന്ദേശം അയച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അങ്ങിനെ സന്ദേശം അയച്ചിട്ടില്ലെന്ന് ഷാനു കോടതിയിൽ പറഞ്ഞു. ഒന്നു മുതൽ 14 വരെയുള്ള പ്രതികളെയും കോടതി ഇന്നലെ ചോദ്യം ചെയ്തു. രാവിലെ പത്തു മുതൽ നാലു വരെ 250 ചോദ്യങ്ങളാണ് ചോദിച്ചത്. ഇനി​ 250 ചോദ്യങ്ങൾ കൂടിയുണ്ട്.