പാലാ : പൂർണമായും ഓട്ടോമാറ്റിക്കായി ലഡു നിർമ്മിക്കുന്ന യന്ത്രവുമായി പാലാ സെന്റ് ജോസഫ് കോളേജ് ഒഫ് എൻജിയറിംഗിലെ അവസാന വർഷ വിദ്യാർത്ഥികൾ. 'ലഡൂഗോ" എന്ന് പേരിട്ടിരിക്കുന്ന യന്ത്രം ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ തോമസ് സിറിയക്ക്, അർഷ ജിമ്മി, ആഗ്‌നസ് അഗസ്റ്റിൻ, തത്സീൻ അമീൻദാർ എന്നിവരും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ സുബിൻ ബേബി, അശ്വതി സി.ടി, ആന്റോ പി. ബിജു എന്നീ വിദ്യാർത്ഥികളും ചേർന്നാണ് നിർമ്മിച്ചത്. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള ലഡു നിർമ്മാണ യന്ത്രങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കല്ല. ലഡു നിർമ്മാണത്തിന്റെ ആദ്യം മുതൽ അവസാനഘട്ടം വരെ ഏകീകരിച്ച് പരിപൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന യന്ത്രമാണ് വിദ്യാർത്ഥികൾ രൂപകല്പന ചെയ്തിരിക്കുന്നത്. ലഡു നിർമ്മാണത്തിന് ആവശ്യമായ ചേരുവകൾ യന്ത്രത്തിൽ നിക്ഷേപിച്ചാൽ, 30 മിനിറ്റിനുള്ളിൽ ലഡു ലഭ്യമാകും.
യന്ത്രത്തിന്റെ ആദ്യമാതൃക (പ്രോട്ടോടൈപ്പ്) ആണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിനായി ഏകദേശം 80,000 രൂപ ചെലവായി. യന്ത്രം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ മണിക്കൂറിൽ 1000 ലഡുവരെ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനാകും. വിദ്യാർത്ഥികളുടെ ആശയരൂപീകരണത്തിനായി കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെ 24 മണിക്കൂറും കോളേജിൽ പ്രവർത്തിക്കുന്ന ഐ.ഇ.ഡി.സി ബൂട്ട്ക്യാമ്പ് ലാബിലാണ് യന്ത്രം നിർമ്മിച്ചത്.