കോട്ടയം: നഗരമദ്ധ്യത്തിലെ സ്‌കൂളിനു മുന്നിൽ വിദ്യാർത്ഥികളുടെ കൂട്ടയടി. കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെയും മോഡൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്‌കൂളിനു മുന്നിൽ കൂട്ടയടി നടത്തിയ കുട്ടികളിൽ നാലു പേരെ പൊലീസ് പിടികൂടി. പിന്നീട്, മാതാപിതാക്കളെയും അദ്ധ്യാപകരെയും വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നേരത്തെ തിരുനക്കര ബസ് സ്റ്റാൻഡിൽ വച്ച് കുട്ടികൾ തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ട ശേഷം കുട്ടികൾ തമ്മിൽ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ മുന്നിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. അസഭ്യവർഷവും , പോർവിളിയുമായി കുട്ടികൾ നടുറോഡിൽ ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. ഇവിടെ റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ഇതേ തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. പൊലീസിനെ കണ്ട് കുട്ടികൾ ചിതറിയോടി. ഇവരെ പിന്നാലെ ഓടിയാണ് പൊലീസ് സംഘം പിടികൂടിയത്.