വൈക്കം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പി.എസ്. മോഹനൻ അറിയിച്ചു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നിർദ്ദേശങ്ങൾക്കനുസൃതമായും രൂപീകരിച്ച ഇന്റർവ്യൂ ബോർഡ് കൃത്യമായ മാനദണ്ഡഡങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂ ചെയ്ത് ലിസ്റ്റ് തയ്യാറാക്കിയത്. അപേക്ഷകരുടെ മുൻഗണനാ പരിഗണനകളെക്കുറിച്ചും സെലക്ഷൻ കമ്മറ്റിക്ക് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടായിരുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ ലിസ്റ്റിൽ പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല.
നിയമനവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകർ ഓഫീസിൽ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പരിഗണിക്കാൻ തനിക്ക് പ്രത്യേകമായ യാതൊരു അധികാരവും ഇല്ല എന്നത് ഇപ്പാൾ ആരോപണം ഉന്നയിച്ചിട്ടുള്ള വ്യക്തിയെ ഉൾപ്പെടെ ബോദ്ധ്യപ്പെടുത്തിയിരുന്നതാണ്. നിലവിൽ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷമാണ്. ഹെൽപ്പർ തസ്തികയിൽ ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടന്നിട്ടുള്ളത്. ആരോപണം ഉന്നയിച്ച ഷീജയുടെ ഹെൽപ്പർ തസ്തികയിലെ റാങ്ക് പത്താമത്തേതാണ്. ആ നിലക്ക് വൈകാതെ നിയമനം ലഭിക്കുമെന്നിരിക്കെ ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി.എസ്. മോഹനൻ അറിയിച്ചു.