വൈക്കം: ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് ഊർജ്ജം പകരാൻ മറവൻതുരുത്തിലെ കാർഷിക കർമ്മ സേന. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മേഖലയിൽ ആവശ്യമായ മുഴുവൻ വിത്തുകളും തൈകളും സേനയാണ് ലഭ്യമാക്കുന്നത്.
പയർ, വെണ്ട, ചീര, തക്കാളി, വഴുതന, പച്ചമുളക്, വെള്ളരി, പാവൽ, പടവലം എന്നിവയുടെ തൈകൾ ഇതിൽ ഉൾപ്പെടുന്നു. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് വിത്തുകൾ എത്തിക്കുന്നത്. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ തരിശു പാടങ്ങളിലും കൃഷിയിറക്കാനുള്ള പദ്ധതിയും കർമ്മസേനആവിഷ്‌കരിച്ചിട്ടുണ്ട്.

കൃഷിപ്പണിയിൽ പ്രാവീണ്യം നേടിയ 16 അംഗങ്ങളാണ് സേനയിലുള്ളത്. ഗ്രാമപഞ്ചായത്തിലെ കർഷകർക്കും ഇവരുടെ സഹായം ലഭിക്കുന്നു. നിലമൊരുക്കി വിത്തു നടാനും കാടു വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമായ മണ്ണൊരുക്കാനും തെങ്ങുകയറ്റം, ട്രാക്ടർ ഓടിക്കൽ, നെൽകൃഷി, ട്രില്ലർ മെഷീൻ ഉപയോഗിച്ചുള്ള ജോലികൾ, ഗ്രോബാഗ് തയ്യാറാക്കൽ തുടങ്ങിയവയ്ക്കും സംഘം മുന്നിലുണ്ട്.
ഗ്രോബാഗിൽ കൃഷിക്ക് ആവശ്യമായ മണ്ണും വളവും നിറച്ച് പച്ചക്കറിതൈ നട്ട് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന സംവിധാനവുമുണ്ട്. സ്‌കൂളുകളിൽ കൃഷി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ശാന്തിനികേതൻ എൽ പി സ്‌കൂൾ, കെ എസ് മംഗലം ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.ഐ.എം യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ കർമ്മസേന ഗ്രോബാഗുകൾ വിതരണം ചെയ്തു.