news

കോട്ടയം: ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ശബരിമല വിധി നടപ്പാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവർക്ക് സഭാ കേസിലെ അന്തിമ വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാർ. കോടതി വിധിയെ വെല്ലുവിളിക്കുന്നവരെ സർക്കാർ സഹായിക്കുന്നത് നീതിബോധമുള്ളവർക്ക് പ്രയാസമുണ്ടാക്കും. അരാജകത്വത്തിന് കാരണമാകും. സഭാ മക്കളെ തെരുവിലിറക്കാനില്ല. നിയമപരമായി നേരിടും. വിധി നടപ്പാക്കുന്നതിന്റെ പേരിൽ സംഘർഷമുണ്ടാകില്ല. പറയേണ്ടവർ പറയേണ്ടതു പോലെ പറഞ്ഞാൽ, പ്രവർത്തിച്ചാൽ പ്രശ്നമുണ്ടാക്കുന്നവർ എഴുന്നേറ്റു പൊയ്ക്കൊള്ളും. അതിന് ഇച്ഛാശക്തി കാണിക്കണം. കോടതി വിധി നടപ്പാക്കാത്തത് ക്രമസമാധാന പ്രശ്നത്തിന്റെ പേരിലാണെന്ന ന്യായം പറച്ചിൽ സർക്കാരിന്റെ കഴിവ് കേടാണ്.

ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനാവില്ല. അവർ ഞരങ്ങിയും മൂളിയും ഇരിക്കുകയേയുള്ളു. തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭ സഹായിച്ചാൽ സഭാ കേസിൽ സഹായിക്കാമെന്ന് ഉറപ്പു നൽകിയവർ പിറവം പള്ളി തർക്കത്തോടെ യൂ ടേൺ തിരിഞ്ഞത് ബോധപൂർവമാണോ ബോധമില്ലാഞ്ഞിട്ടാണോ എന്നറിയില്ല. നീതിക്കെതിരായി ഒരു സർക്കാർ ഒത്താശ ചെയ്യണമെങ്കിൽ അതിന് പിന്നിൽ എന്താണെന്ന് എല്ലാവർക്കും അറിയാം. സർക്കാരിന്റെ തലയ്ക്കേറ്റ അടിയാണ് ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന സുപ്രീംകോടതി പരാമർശം. ആരും പള്ളി വിട്ട് പോകണമെന്നു പറയുന്നില്ല. ഇടവകാംഗങ്ങൾക്ക് ശവമടക്കാം. ആവശ്യമെങ്കിൽ ശവം ദഹിപ്പിക്കാം. പള്ളിയുടെ ഉടമസ്ഥാവകാശവും സ്വത്തും ഓർത്തഡോക്സ് സഭയ്ക്കെന്നത് അംഗീകരിക്കണം. കോടതി വിധി വഴി നിയമപരമായി ലഭിച്ച പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കും വിട്ടു കൊടുക്കാൻ സാദ്ധ്യമല്ല. 15 പള്ളികളിൽ വിധി നടപ്പാക്കിയിട്ട് ഒരു പ്രശ്നവുമുണ്ടായില്ല. സഭാ കേസിൽ സർക്കാരിന്റെ വിവേചനത്തിനെതിരെ തിരഞ്ഞെടുപ്പിൽ വിശ്വാസികൾ പ്രതികരിച്ചുവെന്നാണ് വിശ്വാസം. ചർച്ച് ആക്ട് നടപ്പാക്കില്ലെന്നാണ് പ്രതീക്ഷയെന്നും കാതോലിക്ക ബാവ പറഞ്ഞു.