അടിമാലി: ഇരട്ടകളായ രാമനും ലക്ഷ്മണനും സുമനസ്സുകളുടെ കാരുണ്യം തേടുന്നു. അടിമാലി കുരിശുപാറ പീച്ചാട് സ്വദേശികളായ സുരേഷ് ലക്ഷ്മി ദമ്പതികളുടെ മക്കളായ രാമനും ലക്ഷ്മണനുമാണ് അജ്ഞാതരോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നത്. പത്തു വയസ്സുകാരായ ഇവർ രണ്ട് വർഷം മുമ്പുവരെ എല്ലാവരേ പോലെ സാധാരണ ജീവിതം നയിച്ചവരാണ്. മൂന്നാം ക്ലാസ് വരെ
സമീപത്തുള്ള സകൂളിൽപഠനവും നടത്തി. ശരീരത്തിന്റെ ഭാരം കൂടിയതോടെ ഇരുവർക്കും കാലുകൾക്ക് ബലക്ഷയം സംഭവിച്ച് നടക്കാൻ പറ്റാതെ ആയി. ചികത്സക്കായി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഈ രോഗത്തിന് ചികിത്സ ഇല്ലാ എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ഉണ്ടായത്. തമിഴ് നാട് വത്തലുകുണ്ടിൽ നിന്നും രാമനും ലക്ഷ്മണനും മാതാപിതാക്കൾക്കും രണ്ട് സഹോദരി മാർക്കൊപ്പം പീച്ചാട് എത്തിയത്. കൂലി വേല ചെയ്ത് ലഭിക്കുന്ന തുക കൊണ്ട് മക്കളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവത്ത അവസ്ഥയിലാണ് മാതാപിതാക്കൾ. റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളില്ലാത്തതിനാൽ ഇവർക്ക് ഒരു സർക്കാർ ധനസഹായവും ലഭിക്കുകയില്ല. മാതാവ് കൂലിപ്പണിക്ക് പോകുമ്പോൾ ഏഴാം ക്ലാസ്സ് കാരിയായ സഹോദരിയും പിതാവുമാണ് ഇവരെ പരിചരിക്കുന്നത്.
ഇവരുടെ ദുരിതമറിഞ്ഞ് അടിമാലി ജനമൈത്രി പൊലീസ് സഹായ ഹസ്തവുമായി എത്തി.അടിമാലി സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി. ചികത്സക്കായി കാലടിയിലുള്ള ഒരു ആയൂർവേദ വൈദ്യരെ സമീപിക്കുകയും ചെയ്തു. ഒരു മാസത്തെ ചികത്സകൊണ്ട് നേരിയ പുരോഗതി ഉണ്ടാവുകയും ചെയ്തു. ആറ് മാസത്തെ ചികിത്സകൊണ്ട് കുട്ടികൾ നടന്ന് തുടങ്ങുമെന്ന് വൈദ്യർ പറയുന്നു. ഒരു മാസത്തെ ചികത്സയ്ക്ക് മാത്രം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവായി. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപികരിച്ച് രാമ ലക്ഷമണൻ മാരെ ജീവിതത്തിലെയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് .