കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ വെടിനിറുത്തണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശം തള്ളി കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗം. ഇതോടെ പോര് വീണ്ടും മുറുകി.
ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത കോട്ടയത്തെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തവരുടെ കൂടി ഒപ്പുകളിട്ട് ജോസ് വിഭാഗം തൊടുപുഴ കോടതിയിൽ വ്യാജ രേഖ നൽകിയെന്നാരോപിച്ച് കൂടുതൽ നേതാക്കൾ പൊലീസിൽ പരാതി നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ടേം ജോസ് വിഭാഗത്തിന് കോൺഗ്രസ് നൽകിയെങ്കിലും ഇതിന് ഉടക്കിട്ട് പി.ജെ.ജോസഫ് രംഗത്തെത്തിയതോടെ പിളർപ്പിന്റെ തുടർച്ചയായുള്ള 'പാരവെപ്പ് ' തുടരുമെന്നുറപ്പായി.
കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സേവി കുരിശുവീട്ടിൽ, കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി പൗലോസ് എന്നിവർ ജോസ് വിഭാഗം വ്യാജ ഒപ്പിട്ടെന്ന പരാതി ചേരാനല്ലൂർ ,കോതമംഗലം പൊലീസ് സ്റ്റേഷനുകളിൽ നൽകി. നേരത്തേ ഫിലിപ്പ് ചേരിയലും തൊടുപുഴ സ്റ്റേഷനിൽ ഇതേ പരാതി നൽകിയിരുന്നു. നൂറിൽ താഴെയേ കോട്ടയത്തു നിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുള്ളൂ . ജോസ് വിഭാഗം നൽകിയ സത്യവാങ്മൂലം വ്യാജമാണെെന്ന് ജോസഫിനൊപ്പമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നൽകിയ എതിർ സത്യവാങ്മൂലത്തിലും പറയുന്നു. ഇതോടെ ജോസിനെ ചെയർമാനായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തവർ ആരൊക്കെയെന്നത് തൊടുപുഴ കോടതിയിലെ കേസിൽ നിർണായകമാവുകയാണ്.കേസ് പരിഗണിക്കുന്ന മുൻസിഫ് പിൻമാറിയതോടെ അനന്തരനടപടികൾ ജില്ലാ ജഡ്ജി തീരുമാനിക്കും. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേചെയ്ത കോടതി നടപടി ഇതോടെ നീളുമെന്നുറപ്പായി.
പ്രസിഡന്റ് സ്ഥാന തർക്കവും കോടതി കയറും
യു.ഡി.എഫ് ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന വർഷം കേരള കോൺഗ്രസിനായിരുന്നു. കോൺഗ്രസ് നോമിനി സണ്ണി പാമ്പാടിയുടെ കാലാവധി ജൂലായ് ഒന്നിന് അവസാനിച്ചതോടെ ജോസഫ് വിഭാഗം വിട്ട ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് നിർദ്ദേശിച്ചുള്ള കത്ത് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ഡി.സി.സി പ്രസിഡന്റിന് നൽകിയിരുന്നു. എന്നാൽ കേരളകോൺഗ്രസിനെ പ്രതിനിധീകരിച്ച് കത്തു നൽകാൻ ജോസ് വിഭാഗം ജില്ലാ പ്രസിഡന്റിന് അധികാരമില്ലെന്ന് പി.ജെ.ജോസഫ് ഉമ്മൻചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. ജോസ് വിഭാഗം പ്രതിനിധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത് തൊടുപുഴ കോടതിയിലെ കേസിൽ ദോഷം ചെയ്യുമെന്ന് മനസിലാക്കിയാണ് ജോസഫ് ഉടക്കിട്ടത്. പ്രശ്ന പരിഹാരത്തിന് ഉമ്മൻചാണ്ടി ജോസഫുമായി ചർച്ച നടത്തും. ജോസഫ് അയയുന്നില്ലെങ്കിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാന തർക്കവും കോടതി കയറും. ഇതിന്റെ നേട്ടം കോൺഗ്രസിനുമായിരിക്കും.
'ജോസ് വിഭാഗം തൊടുപുഴ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 130 ലേറെ പേരുകൾ നൽകിയിട്ടുണ്ട്. നിരവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കിയും മുപ്പതോളം പേരെ പുതുതായി ഉൾപ്പെടുത്തിയുമുള്ള വ്യാജരേഖയാണിത്."
സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം
(എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്)
ജോസിനെ ചെയർമാനാക്കിയത് സ്റ്റേ ചെയ്ത കോടതി തീർപ്പ് നീളും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനും ഉടക്കിട്ട് ജോസഫ്
പ്രശ്ന പരിഹാരത്തിന് ഉമ്മൻചാണ്ടി ജോസഫുമായി ചർച്ച നടത്തും.
വിവാദമായത്
130 പേരുടെ
ഒപ്പ്