കുറുപ്പന്തറ : കേന്ദ്രത്തിൽ നിന്ന് നിർമ്മാണ അനുമതിയും, സംസ്ഥാന സർക്കാർ ഫണ്ടും അനുവദിച്ചു. പക്ഷെ കുറുപ്പന്തറ റെയിൽവേ മേൽപ്പാല നിർമ്മാണം മാത്രം എങ്ങുമെത്തിയില്ല. നിർമ്മാണം അനന്തമായി നീളുമ്പോൾ റെയിൽവേ ഗേറ്റിൽ കാത്തുകിടക്കാനാണ് വാഹനയാത്രക്കാരുടെ വിധി. സ്ഥലമേറ്റെടുപ്പിലെ അനിശ്ചിതത്വമാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയിൽ റെയിൽവേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ്‌ മേൽപ്പാല ആശയം മുന്നോട്ടുവന്നത്. ഗേറ്റ് തകരാറാണ് മുൻപ് വില്ലനായിരുന്നതെങ്കിൽ ഇപ്പോൾ ട്രെയിൻ കടന്നു പോയാലും ഗേറ്റ് തുറക്കാത്തതാണ് പ്രശ്നം. കൂടാതെ ഗേറ്റിന് സമാന്തരമായിട്ടാണ് ട്രെയിനുകൾ പിടിച്ചിടുന്നത്. ഈ സമയം ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര നീളും. പലപ്പോഴും ഇത് ഗതാഗതതടസത്തിനും ഇടയാക്കും. അദ്ധ്യനവർഷമാരംഭിച്ചതോടെ വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. കൃത്യസമയത്ത് പലർക്കും സ്കൂളുകളിൽ എത്താനാകുന്നില്ല. അമിതവേഗത്തിൽ കടന്നു പോകുന്ന ടോറസ്, ടിപ്പർ എന്നിവയിടിച്ച് ഗേറ്റ് തകരുന്നതും നിത്യസംഭവമാണ്. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായാണ് കേന്ദ്ര ബഡ്ജറ്റിൽ കുറുപ്പന്തറ മേൽപ്പാലം ഉൾപ്പെടുത്തിയത്.