പാലാ : കെഴുവംകുളം ചെറുവള്ളിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മണിയടിച്ച് നടയടക്കുമ്പോൾ ഒരു വിളിപ്പാടകലെ നിന്ന് ഒരു ചിന്നം വിളി ഉയരും: 'എനിക്കുള്ളത് മറക്കല്ലേ..'എന്ന ഒാർമ്മപ്പെടുത്തലാണത്. മേൽശാന്തി ഒരു പൊതി പടച്ചോറും പായസവും കൈയിലെടുക്കും. ഇല്ലത്തേയ്ക്ക് പോകുംവഴി ആ ചിന്നംവിളിയുടെ ഉടമയുടെ അടുത്തെത്തി ചോറും പായസവും കൂട്ടിയുരുട്ടി വായിൽ വച്ചു കൊടുക്കും. കഴിഞ്ഞ അഞ്ചു വർഷമായി കെഴുവംകുളത്തുകാരുടെ പതിവുകാഴ്ചയാണിത്. നാടിന്റെ 'ചങ്ക് ' ആയ പുഷ്പയും ജയകൃഷ്ണൻ നമ്പൂതിരിയും തമ്മിലുള്ള സ്‌നേഹസംഗമം.
കുമാരനല്ലൂർ സ്വദേശിനി പാറുക്കുട്ടിയമ്മയുടെ ആനയാണ് പുഷ്പ. പാപ്പാൻ കുഴിത്തൊട്ടിയിൽ ബാബുവിന്റെ കൂടെക്കൂടി ഇവളിപ്പോൾ പ്രസിദ്ധമായ കെഴുവംകുളം ചെറുവള്ളിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പുരയിടത്തിലാണ് താമസം. വന്ന അന്നു മുതൽ ഉത്സവത്തിന് തിടമ്പേറ്റുന്നതും ഇവൾ തന്നെ. പതിവായി ആനപ്പുറത്ത് തിടമ്പുമായി കയറാറുണ്ടെങ്കിലും ജയകൃഷ്ണൻ നമ്പൂതിരിയും പുഷ്പയും തമ്മിൽ അടുത്ത സ്‌നേഹം തുടങ്ങിയത് അഞ്ചു വർഷം മുമ്പാണ്.

'അഞ്ചു വർഷം മുമ്പത്തെ തിരുവോണത്തലേന്ന് രണ്ടാം പാപ്പാനാണ് പുഷ്പയെ തറിയിൽ നിന്നഴിച്ചത്. ഒന്നാം പാപ്പാൻ ബാബു സ്ഥലത്തുണ്ടായിരുന്നില്ല. പെട്ടെന്ന് ഇടഞ്ഞ് അവൾ ഒറ്റയോട്ടം. വന്നു നിന്നത് എന്റെ വീടിനു മുന്നിൽ. ആദ്യം പേടിച്ച് പോയെങ്കിലും ഉടൻ വീട്ടിലുണ്ടായിരുന്ന ഒരുകുല പഴവും കുറച്ചു ശർക്കരയും കൊടുത്തു. അതോടെ അവൾ ശാന്തയായി.രണ്ടാം പാപ്പാനൊപ്പം പോവുകയും ചെയ്തു. പിറ്റേന്ന് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞിറങ്ങിയപ്പോൾ പടച്ചോറും പായസവും കരുതി. നേരിട്ട് വായിൽ വച്ച് കൊടുത്തോളാൻ പാപ്പാൻ ബാബുവേട്ടൻ പറഞ്ഞു. ഞാൻ കൊടുത്തു. അത് പിന്നീട് പതിവായി. മിച്ചമുള്ള ഒരു വറ്റു പോലും കളയാതെ നാക്കിലേക്ക് തേച്ചു കൊടുക്കും വരെ അവൾ വാ പൊളിച്ചു നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെ.' ജയകൃഷ്ണൻ പറയുന്നു.
അന്നു മുതൽ ഇന്നോളം ഈ തീറ്റ കൊടുക്കലിന് മാറ്റമുണ്ടായിട്ടില്ല. പുഷ്പയോ ജയകൃഷ്ണനോ സ്ഥലത്തില്ലെങ്കിൽ മാത്രം തെറ്റുന്ന ദിനചര്യ. ഉച്ചപൂജ കഴിഞ്ഞ് നടയടയ്ക്കാൻ മണിയടിക്കുന്നതിന് പുഷ്പ ചെവി വട്ടം പിടിക്കും. ജയകൃഷ്ണൻ ഇറങ്ങിച്ചെല്ലുന്നത് കാണുന്നതേ തുമ്പിക്കൈ ഉയർത്തി സലാം കൊടുക്കും. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കെഴുവംകുളംകാർ പുഷ്പയ്ക്കും ചങ്കാണ്. പക്ഷേ അടുത്തടുപ്പിക്കുന്നത് ജയകൃഷ്ണൻ നമ്പൂതിരിയെ മാത്രം.