പാലാ : ജില്ലാ പഞ്ചായത്ത് മെമ്പർ ലേലം വിളിച്ചു, പഞ്ചായത്ത് പ്രസിഡന്റ് ലേലം കൊണ്ടു. എലിക്കുളം നാട്ടുചന്തയ്ക്ക് പ്രൗഡഗംഭീര തുടക്കം. എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, തളിര് പച്ചക്കറി ഉത്പാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള നാട്ടുചന്തയ്ക്ക് കുരുവിക്കൂട് എൻ.എസ്.എസ് കരയോഗ മൈതാനിയിലാണ് തുടക്കമായത്. ജില്ലാ പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കുളത്തുങ്കൽ കാസർകോട് കുള്ളൻ പശുവിനെ ലേലം വിളിച്ചാണ് നാട്ടുചന്ത ആരംഭിച്ചത്. 22500 രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമഗലാദേവി പശുവിനെ കരസ്ഥമാക്കി.
കർഷകരുടെ ഉല്പന്നങ്ങളുടെ വില്പനയ്ക്ക് ന്യായവില ഉറപ്പാക്കാനായി ആരംഭിച്ച നാട്ടുചന്തയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്ത് നിന്നുള്ള എലിക്കുളം റൈസ്,ഉഴുന്ന്, പച്ചക്കറികൾ, വാഴക്കുലകൾ,നാടൻ കോഴികൾ, പശു, തേൻ, വീടുകളിൽ നിർമ്മിച്ച വിവിധ തരം പൊടികൾ, വിവിധ തരം ഇരുമ്പ് കത്തികൾ വരെ നാട്ടുചന്തയിലുണ്ട്. രാവിലെ നടന്ന കർഷക സുഹൃത് സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസി.ഡയറക്ടർ ജാൻസി.കെ.കോശി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസ്മി ജോബി ആദ്യ വില്പന നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ആനിത്തോട്ടം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജൻ തൊടുക, അനീഷ് വാഴക്കാല, സുശീലാ അബ്രഹാം മാത്യൂസ്‌പെരുമനങ്ങാട്, ടോമി , ജെയിംസ് ജീരകത്തിൽ, ടോമി കപ്പലുമാക്കൽ, സുജാത ദേവി, ലില്ലി ജോണി, കൃഷി ാഫീസർ നിസ്സ ലത്തീഫ് , കൃഷി അസിസ്റ്റന്റ് എം.ജെ അലക്‌സ് റോയ്, എം.കെ.രാധാകൃഷ്ണൻ ,സെബാസ്റ്റ്യൻ പാറയ്ക്കൽ, വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, കെ.എൻ.രാധാകൃഷ്ണപിള്ള കുന്നേൽ ജസ്റ്റിൻ മണ്ഡപം, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ കെ.റെജിമോനെ ആദരിച്ചു.