കോട്ടയം: കോട്ടയം ഡിപ്പോയിൽ ഡ്രൈവർപ്രതിസന്ധി രൂക്ഷമായി. ഇന്നലെ മാത്രം 28 സർവീസുകളാണ് മുടങ്ങിയത് . പി.എസ്.സി ലിസ്റ്റിൽ പേരുള്ള ‌ ഇരുപത് ഡ്രൈവർമാരെ രണ്ടാഴ്‌ച മുൻപ് താല്‌കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇവർ ഇന്നലെ ജോലിക്കെത്തിയെങ്കിലും സർവീസിന് അയയ്ക്കേണ്ടെന്ന് സോണൽ ഓഫീസിൽ നിന്ന് നിർദേശം വന്നതിനാൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിവരുമെന്ന് മൂൻകൂട്ടി കണ്ടാണ് രണ്ടാഴ്‌ച മുൻപ് പി.എസ്.സി ലിസ്റ്റിലുള്ള ഡ്രൈവർമാരെ താല്‌കാലികമായി നിയമിച്ചത്. എന്നാൽ, അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരെ മാത്രം നിയോഗിച്ചാൽ മതിയെന്ന് സോണൽ ഓഫീസിൽ നിന്ന് നിർദേശിക്കുകയായിരുന്നു. യൂണിഫോമിട്ട് പുലർച്ചെ നാലുമണിയോടെ പലരും ഡിപ്പോയിൽ എത്തി. ഉച്ചവരെ കാത്തിരുന്നിട്ടും അനുകൂല ഉത്തരവ് വന്നില്ല. എം.പാനലുകാരെ പിരിച്ചു വിടാനുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്നു ഭയന്നാണ് ഇവരെ സർവീസിന് അയയ്ക്കാതിരുന്നതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.

ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയപ്പോഴാണ് ഡ്യൂട്ടിയ്‌ക്ക് തയ്യാറായി എത്തിയ ഡ്രൈവർമാരെ പോലും അയക്കേണ്ടെന്ന നിർദേശം എത്തിയത്. ഇന്നലെ വൈകിട്ടോടെ ഇത്തരക്കാരെ നിയോഗിക്കാനുള്ള നിർദേശം വന്നു. എന്നാൽ, അതിനകം ഡ്രൈവർമാരിൽ പലരും വീടെത്തിയിരുന്നു.

പി.എസ്.സി പട്ടികയിൽ പേരുള്ളവർ

പി.എസ്.സി പട്ടികയിൽ പേരുള്ളവരെയാണ് ഇപ്പോൾ താല്‌കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. പി.എസ്.സി നിയമനം നടത്തുമ്പോൾ ഇവരെ സ്ഥിരപ്പെടുത്തും. സമ്മതപത്രവും സെക്യൂരിറ്റി ഡിപ്പോസിറ്റായി അയ്യായിരം രൂപയും ഇവരിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

മുഹമ്മദ് അബ്‌ദുൾ നാസർ,

ഡി. ടി. ഒ