peruva

പെരുവ : ദിനംപ്രതി നിരവധി ആളുകളെത്തുന്ന പെരുവ ടൗൺ അസൗകര്യങ്ങൾക്ക് നടുവിലാണ്. സ്ഥലപരിമിതി മൂലം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളാണ് പെരുവ ടൗണിന്റെ പ്രധാന പ്രശ്നം. പ്രധാനപ്പെട്ട നാല് റോഡുകളായ പിറവം, വെള്ളൂർ, തലയോലപ്പറമ്പ്, ഇലഞ്ഞി, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി വാഹനങ്ങളെത്തുന്ന പെരുവ ജംഗ്ഷനിൽ ഗതാഗത കുരുക്ക് ഉണ്ടാവുന്നത് പതിവാണ്. നിരവധി സ്‌കൂളുകളും, പഞ്ചായത്ത്, വില്ലേജ് ഒാഫീസ്, മൃഗാശുപത്രി, ആശുപത്രി, മാർക്കറ്റ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും ജംഗ്ഷനടുത്ത് തന്നെയാണ്. വലിയ വാഹനങ്ങൾ റോഡിൽ ഒരേ സമയത്ത് എത്തിയാൽ ഗതാഗതം തടസപ്പെടുന്നത് പതിവാണ്. നാല് ഭാഗത്തേക്കും പോകുന്ന ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നത് നാൽ കവലയിലാണ്. ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങളുടെ തിരക്കു വർദ്ധിക്കുന്ന സമയങ്ങളിൽ കാൽനടയാത്രക്കാർക്ക് പേടികൂടാതെ നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. ഇവിടെ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും ഗതാഗത കുരുക്കിന് കാരണമാകുന്നു. പ്രധാന ജംഗ്ഷനിൽ നിന്ന് എത്തുന്ന വലിയവാഹനങ്ങൾ മറ്റു റോഡുകളിലേയ്ക്കു പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നതും പതിവ് സംഭവമാണ്. ഇതിന് പുറമേ ഇലഞ്ഞി റോഡിലൊഴികെ യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കുന്നതിനുളള സൗകര്യങ്ങളില്ല. അദ്ധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പൊരിവെയിലത്തും മഴയിലും ബസ് കാത്തു നിൽക്കേണ്ടിയും വരുന്നുണ്ട്. റോഡിലെയ്ക്ക് ഇറങ്ങി കുട്ടികളടക്കം ബസ് കാത്തുനിൽക്കുന്നത് അപകടങ്ങൾക്കും ഗതാഗതകുരിക്കിനും കാരണമാകുന്നു. തിരക്കേറിയ ടൗണിൽ റോഡ് മുറിച്ച് കടക്കുന്നതിനായി വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഹോം ഗാർഡിന്റെ സേവനം ഉണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. വാഹനപാർക്കിംഗിനായി സ്ഥലം ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്. ജനപ്രതിനിധികളുടെ താൽപര്യമില്ലായ്മയാണ് പെരുവയുടെ വികസനത്തിന് വിലങ്ങ് തടിയാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

വാഹനങ്ങൾ എത്തുന്നത്

പിറവം, വെള്ളൂർ, തലയോലപ്പറമ്പ്, ഇലഞ്ഞി, കടുത്തുരുത്തി

ഏക ആശ്വാസം ഹോം ഗാർഡിന്റെ സേവനം

പ്രധാന പ്രശ്നങ്ങൾ

* ബസ് കാത്തു നിൽക്കാൻ സൗകര്യം ഇല്ല

* പാർക്കിംഗിന് സൗകര്യം ഇല്ല

* കാൽ നടയാത്രക്കാർക്ക് നടക്കുവാൻ സൗകര്യം ഇല്ല

* സിഗ്നൽ ലൈറ്റുകൾ ഇല്ല