thaluk-hospital
താലൂക്ക് ആശുപത്രി ഒ .പി.യ്ക്ക് മുന്നിൽ കുടയുമായി നിൽക്കുന്നവർ

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിലെ ഒ.പിയിൽ നനയാതെ നിൽക്കണമെങ്കിൽ കുട വേണം. ഒലിച്ചിറങ്ങുന്ന വെള്ളം ഭിത്തികളെ ദുർബലപ്പെടുത്തുമ്പോൾ പരിഹാരം ഇനിയും അകലെയാണ്. ഒ.പി. പ്രവർത്തിക്കുന്ന കൗണ്ടർ ഭാഗത്ത് വെള്ളം വീഴാതിരിക്കാൻ ഇരുമ്പിന്റെ മേൽക്കൂര സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ ഇറങ്ങുന്ന വെള്ളമാണ് രോഗികൾക്ക് ദുരിതമായി മാറിയിരിക്കുന്നത്. മഴവെള്ളത്തിന്റെ പ്രശ്നം ഒപിയിൽ മാത്രമൊതുങ്ങുന്നില്ല, കെട്ടിടത്തിന്റെ മിക്കഭാഗങ്ങളിലും ചോർച്ച സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. മേൽക്കൂര നിർമ്മാണത്തിലെ അപാകതയാണ് വെള്ളം പലവഴി ഒഴുകുന്നതിന് കാരണം.

അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിലുള്ള പീരുമേട് ആശുപത്രിക്ക് താലൂക്ക് ആശുപത്രിയെന്ന പേര് മാത്രമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഇനിയും അകലെയാണ്. മോർച്ചറി പ്രവർത്തിക്കുന്നില്ല. പോസ്റ്റ്മാർട്ടത്തിന് വണ്ടിപ്പെരിയാർ സി.എച്ച്.സിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മൃതദേഹങ്ങൾ എത്തിക്കണം. രണ്ട് വർഷം മുമ്പ് സ്വകാര്യ വ്യക്തിനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മോർച്ചറി കെട്ടിടത്തിനും സംരക്ഷണ ഭിത്തിക്കും തകരാർ സംഭവിച്ച് ബലക്ഷയം ഉണ്ടായി. അതോടെ മോർച്ചറി അടച്ചു പൂട്ടുകയായിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംരക്ഷണഭിത്തി നിർമ്മിച്ചത് കമ്പി ഉപയോഗിച്ച് ബെൽറ്റ് നിർമ്മിക്കാതെ പൂർത്തീകരിച്ചതിനാൽ കോൺക്രീറ്റ് ഭിത്തിക്ക് വിള്ളൽ വീഴുകയായിരുന്നു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെച്ചിരിക്കുകയാണ്.