പൊൻകുന്നം : ആധാരങ്ങളിൽ വില കുറച്ച് അണ്ടർവാല്യുവേഷൻ കേസിൽ സർക്കാർ പ്രഖ്യാപിച്ച 70 ശതമാനം കിഴിവ് നൽകുന്ന കോമ്പൗണ്ടിംഗ് പദ്ധതിയിൽപ്പെട്ടതും , നിലവിൽ ജില്ലാ കോടതികളിൽ ഫയൽചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടതുമായ അണ്ടർവാല്യുവേഷൻ കേസുകളും ഉൾപ്പെടുത്തി 13 ന് ജില്ലാ ആസ്ഥാനങ്ങളിൽ മെഗാ അദാലത്ത് നടത്തും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി, ജില്ലാ രജിസ്ട്രാർ എന്നിവർ പങ്കെടുക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം രജിസ്‌ട്രേഷൻ വകുപ്പും കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്ന് സംയുക്തമായാണ് അദാലത്ത്‌ നടത്തുന്നത്. താത്കാലിക ഉത്തരവായിട്ടുള്ളതും കോടതിയിലുള്ള കേസുകളിലും അന്തിമ വില നിർണയിച്ച് മുഴുവൻ കേസുകളും തീർപ്പാക്കാൻ ലഭിക്കുന്ന അവസരം പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) എസ്. ഇന്ദുലേഖ അഭ്യർത്ഥിച്ചു. 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ കേസുകളിൽ രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി അന്തിമ ഉത്തരവ് അനുസരിച്ചുള്ള മുദ്രവിലയിൽ 70 ശതമാനം കിഴിവ് നൽകും. പദ്ധതിയുടെ പ്രയോജനം 2020 മാർച്ച് 31വരെയുണ്ട്.