പാലാ : മണ്ണും മാലിന്യങ്ങളും അടഞ്ഞ് ഓടകൾ നിറഞ്ഞതോടെ ഒറ്റ മഴയിൽ റോഡ് വെള്ളക്കെട്ടിലായി. ടൗൺ മെയിൻ റോഡിനെ റിവർവ്യൂ റോഡുമായി ബന്ധിപ്പിക്കുന്ന കൂട്ടിയാനി റോഡാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികൾ അറിയാതെ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കടകളിലും ചെളിവെള്ളം തെറിക്കുന്നതിനാൽ വ്യാപാരികളും ദുരിതത്തിലാണ്. കുരിശുപള്ളിക്കവല, ഹെഡ്‌പോസ്റ്റോഫീസ് ഭാഗം എന്നിവിടങ്ങളിലും ഒറ്റമഴയിൽ വെള്ളം കയറും. ഓടകൾ അടിയന്തിരമായി വൃത്തിയാക്കുന്നതിനും വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ്‌ ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. അഡ്വ. സിറിയക് ജയിംസ്,തോമസ് ഗുരുക്കൾ, കെ.എസ്. അജി, റ്റി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.