കോട്ടയം: സ്‌കൂൾ തുറന്ന് ഒരു മാസത്തിനിടെ സ്വകാര്യ ബസുകൾക്കെതിരെ പൊലീസിലും മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലുമായി ഇതുവരെ ലഭിച്ചത് 45 പരാതികൾ. സ്റ്റോപ്പിൽ നിർത്തിയില്ല, വിദ്യാർത്ഥികൾക്ക് സീറ്റ് നൽകുന്നില്ല തുടങ്ങിയ പരാതികളാണ് കൂടുതൽ. സ്‌കൂൾ വിദ്യാർത്ഥിയെ സ്റ്റോപ്പിൽ ഇറക്കാതെ ക്രൂരത കാട്ടിയ ബസ് കണ്ടക്‌ടറുടെ ലൈസൻസ് റദ്ദാക്കിയതാണ് ഏറ്റവും ഒടുവിൽ ബസ് ജീവനക്കാർക്കെതിരെ ഉണ്ടായ നടപടി.
മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിച്ചിട്ടും വിദ്യാർത്ഥികളോടുള്ള ബസ് ജീവനക്കാരുടെ സമീപനത്തിൽ മാറ്റം വരുന്നില്ലെന്നാണ് ആക്ഷേപം. നഗര പ്രദേശങ്ങളിൽ നിന്നാണ് കൂടുതലും വിദ്യാർത്ഥികളുടെ പരാതികൾ. ഗ്രാമീണ മേഖലയിൽ പരാതികൾ താരതമ്യേന കുറവാണ്. കൺസഷൻ ടിക്കറ്റുമായി കയറുന്ന വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കുന്നില്ലെന്നാണ് പാലാ, പൊൻകുന്നം റൂട്ടിലുള്ള സ്വകാര്യ ബസുകളിൽ നിന്നുള്ള പ്രധാന പരാതി. വൈക്കം ഭാഗത്തു നിന്നുള്ള ചില സ്വകാര്യ ബസുകളിൽ മറ്റു യാത്രക്കാർക്കൊപ്പം കയറാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
അതേപോലെ തന്നെ സ്വകാര്യ ബസുകളുടെ അമിത വേഗവും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നുണ്ട്. അമിത വേഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുവെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അവകാശപ്പെടുമ്പോഴും അപകടങ്ങൾ ആവർത്തിക്കുകയാണ്. നടുറോഡിൽ പോലും ബസ് നിർത്തി യാത്രക്കാരെ ഇറക്കി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും പതിവ് കാഴ്‌ചയാണ്. അപകടത്തിൽപ്പെടുന്നതും നിയമം ലംഘിക്കുന്നതുമായ ബസുകളിലെ ജീവനക്കാരെ രക്ഷിക്കാൻ ഉടമകൾ പണം വാരിയെറിയുമെന്നുറപ്പുള്ളതിനാൽ അശ്രദ്ധമായ ഡ്രൈവിംഗും മോശം പെരുമാറ്റവും ആവർത്തിക്കുന്നു.
ശനിയാഴ്‌ച മൊഴിയെടുക്കും
നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ ദൂരെ ഇറക്കിവിട്ടെന്ന പരാതിയിൽ നാളെ കുട്ടിയിൽ നിന്ന് കോട്ടയം ഡിവൈ.എസ്.പി മൊഴിയെടുക്കും. ആരോപണ വിധേയരായ റൈസിംഗ് സൺ ബസിലെ ജീവനക്കാരോടും ഡിവൈ.എസ്.പി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറിയിച്ചു.
ജൂണിൽ
45
പരാതികൾ
മോട്ടോർ വാഹന വകുപ്പ് 120 ബസുകൾക്ക് നോട്ടീസ് നൽകി.
ഒരു മാസത്തിനിടെ രണ്ടു ലക്ഷത്തോളംരൂപ പിഴ ഈടാക്കി.
ജൂൺ ഒന്നിന് ശേഷം 21 ഇടത്ത് സ്വകാര്യ ബസ് അപകടങ്ങൾ
87 പേർക്ക് പരിക്കേൽക്കുകയും 2 പേർ മരിക്കുകയും ചെയ്‌തു.
വിദ്യാർത്ഥിപ്രശ്നം: നടപടി ഉറപ്പ്
സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ ബസ് ജീവനക്കാർ മോശമായി പെരുമാറിയാൽ കർശന നടപടി ഉറപ്പാണ്. ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
ബാബു ജോൺ, ആർ.ടി.ഒ കോട്ടയം