ചങ്ങനാശേരി : ഭൂരിപക്ഷം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത ജില്ലയിലെ ഏകപഞ്ചായത്ത് ഒരുപക്ഷേ കുറിച്ചിയായിരിക്കും. മിക്ക റോഡുകളും കുണ്ടുംകുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും പരിഹാര നടപടികളൊന്നും ഉണ്ടാകുന്നില്ല.

ഇരുപത് വർഷങ്ങൾക്ക് ശേഷം രണ്ട് വർഷം മുൻപ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡാണ് ഹോമിയോ കോളേജ്-കൂമ്പാടി റോഡ്. എന്നാൽ ടാർ ചെയ്ത് ഒരു വർഷം തികയുന്നതിനുമുൻപ് തന്നെ മെറ്റിൽ പുറത്തുവന്നു. അഞ്ചാം വാർഡിലെ റോഡാണിത്. ഈ വഴിയിലൂടെ ടൂവീലറിലുള്ള യാത്ര അപകടരമാണ്. ഈ റോഡിലൂടെ ഓട്ടോറിക്ഷക്കാർ വരാൻ വിസമ്മതിക്കുന്നതുമൂലം ഹോമിയോകോളേജിൽ നിന്നും കാൽനടയായി മാത്രമേ സഞ്ചരിക്കാൻ കഴിയൂ.

ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന പൊൻപുഴ-കല്യാണിമുക്ക് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. അംബേദ്ക്കർ സെറ്റിൽമെന്റ് കോളനി, ഭാസ്‌ക്കരൻ കോളനി, ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഒരേയൊരു റോഡാണിത്. കാൽനടയാത്രയും ടൂവീലർ യാത്രയും അപകടം നിറഞ്ഞതും.

സ്വാമിക്കവലയിൽ നിന്നും എണ്ണയ്ക്കാച്ചിറ വഴി ഔട്ട്പോസ്റ്റിലേക്ക് പോകുന്ന റോഡ് വർഷങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞുകിടക്കുകയാണ്. നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെയാണ് യാത്രക്കാർ ഔട്ട്പോസ്റ്റിലേക്ക് പോകുന്നത്.

ചാലച്ചിറ-അഞ്ചൽക്കുറ്റി റോഡിൽ ചാലച്ചിറ മുതൽ കോയിപ്പുറം മുക്ക് വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നു കിടക്കുന്നു. 10, 11, 13 വാർഡുകളിലായി ഈ റോഡ് സ്ഥിതി ചെയ്യുന്നു.

15-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുലിക്കുഴി-റെയിൽവേ-ഔട്ട്പോസ്റ്റ് റോഡ് മഴക്കാലത്ത് കുളമാണ്. കണ്ണന്ത്രപ്പടി-മലകുന്നം റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.

ശങ്കരപുരം റെയിൽവേ മേൽപ്പാലം പണി നീളുന്ന സാഹചര്യത്തിൽ എം.സി. റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ ഫ്രഞ്ച്മുക്കിലൂടെയും വില്ലേജ് ആഫിസിന് സമീപത്തുകൂടിയും പുലിക്കുഴിയിലെത്തിയാണ് പോകുന്നത്. കൂടാതെ ചാമക്കുളം, തുരുത്തി പ്രദേശത്തുള്ളവർ ഹോമിയോ ആശുപത്രിയിലേക്ക് പോകുന്നതും ഈ വഴിയിലൂടെയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സചിവോത്തമപുരം കോളനിയിലേക്കുള്ള പ്രധാന റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

മലകുന്നം-കണ്ണന്ത്രപ്പടി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ സ്ഥിതിക്ക് കണ്ണന്ത്രപ്പടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത് മലകുന്നം-ആനക്കുഴി-കുരിശ്ശടി റോഡിനെയാണ്. 13-ാം വാർഡിലെ ഈ റോഡിലൂടെയുള്ള യാത്രയും ദുർഘടമാണ്. പടിഞ്ഞാറെ കുറിച്ചിയിലുള്ള റോഡുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.

 ഇതാണ് ആ റോഡുകൾ....

 ഹോമിയോ കോളേജ്-കൂമ്പാടി റോഡ്

 സ്വാമിക്കവല-എണ്ണയ്ക്കാച്ചിറ റോഡ്

 ചാലച്ചിറ-അഞ്ചൽക്കുറ്റി റോഡ്

 പുലിക്കുഴി-റെയിൽവേ-ഔട്ട്പോസ്റ്റ് റോഡ്

 കണ്ണന്ത്രപ്പടി-പൊടിപ്പാറ-മലകുന്നം റോഡ്

 വില്ലേജ്-പുലിക്കുഴി-ഫ്രഞ്ച്മുക്ക് റോഡ്

 മലകുന്നം-ആനക്കുഴി-കുരിശ്ശടി റോഡ്

 പൊൻപുഴ-കല്യാണിമുക്ക് റോഡ്